ഹൈദരാബാദ് സർവകലാശാലയിലെത്തിയ കനയ്യയെ തടഞ്ഞു

ഹൈദരാബാദ്: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് പ്രവേശം നല്‍കിയില്ല. രോഹിത് വെമുല ആത്മഹത്യ ചെയ്ത വിഷയത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി ബുധനാഴ്ച വൈകീട്ട് കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനത്തെിയ കനയ്യയെ സര്‍വകലാശാല കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കവാടത്തിനുപുറത്ത് ഹ്രസ്വ പ്രസംഗം നടത്തി അദ്ദേഹം മടങ്ങുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് കനയ്യ പറഞ്ഞു. ‘എത്ര രോഹിതുമാരെ നിങ്ങള്‍ കൊല്ലും’ -അദ്ദേഹം ചോദിച്ചു.
കനയ്യ കുമാറിനെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ളെന്ന് നേരത്തെ വൈസ് ചാന്‍സലര്‍ അപ്പ റാവു വ്യക്തമാക്കിയിരുന്നു. കനയ്യയെ പ്രവേശിപ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ട് ആരും സമീപിക്കാത്തതിനാല്‍ അദ്ദേഹത്തിന് പ്രവേശം അനുവദിക്കില്ളെ്ളന്ന് വി.സി പറഞ്ഞു. അതിനിടെ, വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെതിരെ കാമ്പസില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 വിദ്യാര്‍ഥികളെയും മൂന്ന് ഫാക്കല്‍റ്റി അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വൈസ് ചാന്‍സലര്‍ അപ്പ റാവു തിരിച്ചത്തെിയതിനെ തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തുന്ന സര്‍വകലാശാല വീണ്ടും സമ്മര്‍ദത്തിലായിരിക്കുകയാണ്. കനയ്യയുടെ സന്ദര്‍ശനം പ്രമാണിച്ച് സര്‍വകലാശാലയില്‍ ബുധനാഴ്ച കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയുമടക്കം അകത്ത് കയറ്റുന്നില്ല. പ്രധാന കവാടമൊഴികെ കാമ്പസിലേക്കുള്ള എല്ലാ ഗേറ്റും അടച്ചിരുന്നു. പ്രത്യേക സുരക്ഷാസേനയെ വിന്യസിച്ചു. തിങ്കളാഴ്ചവരെ ക്ളാസുണ്ടാകില്ല. 
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനത്തിനെതിരെ ‘രോഹിത് ആക്ട്’ കൊണ്ടുവരാന്‍ പ്രയത്നിക്കുമെന്ന്  രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കനയ്യ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.