റബറിനെയും പ്രവാസിയേയും കേന്ദ്രം കൈവിട്ടു; ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലും ധനമന്ത്രിക്ക് മൗനം

ന്യൂഡല്‍ഹി:  കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, പ്രവാസി ക്ഷേമം എന്നീ വിഷയങ്ങള്‍ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലും കേന്ദ്രം അവഗണിച്ചു. കേരളത്തിന് സമാശ്വാസം പകരുന്ന പ്രഖ്യാപനത്തിനായി എം.പിമാര്‍ അവസാനവട്ടം നടത്തിയ സമ്മര്‍ദവും ഫലം കണ്ടില്ല. സവിശേഷമായ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെയില്ലാത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി പ്രസംഗത്തിനു ശേഷം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ലോക്സഭ പാസാക്കി.
റബറിന്‍െറ വിലത്തകര്‍ച്ച കണക്കിലെടുത്ത് പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചിരുന്നത്. കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ ബജറ്റ് തഴഞ്ഞതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ബജറ്റ് ചര്‍ച്ചക്കു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ അനുഭാവപൂര്‍വമായ സമീപനം അഭ്യര്‍ഥിച്ച് എം.പിമാര്‍ ജെയ്റ്റ്ലിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും കണ്ടിരുന്നതാണ്.

അസംസ്കൃത എണ്ണക്ക് വില കുത്തനെ ഇടിഞ്ഞിട്ടും ഉപയോക്താക്കള്‍ക്ക് ആനുപാതിക പ്രയോജനം നല്‍കാതെ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടി ഖജനാവിലേക്കു മുതല്‍ക്കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാല്‍, വിലയിടിവിന്‍െറ ഒരു ഭാഗം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഖജനാവിലത്തെുന്ന തുക മെച്ചപ്പെട്ട റോഡുകള്‍ നിര്‍മിക്കുന്നതടക്കം അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രയോജനപ്പെടുത്തുന്നത്. അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നത് അവഗണിക്കരുതെന്ന് മന്ത്രി പറഞ്ഞു. ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി.എസ്.ടി ബില്‍, പാപ്പരത്ത ബില്‍ തുടങ്ങിയ സുപ്രധാന നിയമനിര്‍മാണങ്ങളില്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.