കനയ്യയെ പിന്തുണച്ച് കലക്ടറുടെ പോസ്റ്റ്; സമ്മര്‍ദത്തെ തുടര്‍ന്ന് നീക്കി

റായ്പുര്‍(ഛത്തിസ്ഗഢ്): ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിനെയും ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയെയും പിന്തുണക്കുന്ന ഫേസ്ബുക് പോസ്റ്റ് ഉദ്യോഗസ്ഥരുടെയും ബി.ജെ.പിക്കാരുടെയും സമ്മര്‍ദത്തെതുടര്‍ന്ന് കലക്ടര്‍ക്ക് പിന്‍വലിക്കേണ്ടിവന്നു. ബല്‍റാംപുര്‍ ജില്ലാ കലക്ടര്‍ അലക്സ്പോള്‍ മേനോനാണ് വിദ്യാര്‍ഥികളെ അനുകൂലിക്കുന്ന കുറിപ്പുകള്‍ ഷെയര്‍ ചെയ്ത് പുലിവാലുപിടിച്ചത്. 2012 മേയില്‍ മാവോവാദികള്‍ 12 ദിവസം ബന്ദിയാക്കിയയാളാണ് അലക്സ്പോള്‍.
കനയ്യയെക്കുറിച്ചും രോഹിതിനെക്കുറിച്ചുമുള്ള 12 കുറിപ്പുകളാണ് കലക്ടര്‍ ഷെയര്‍ ചെയ്തത്. ഇരുവര്‍ക്കും ട്വിറ്ററിലൂടെ അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഒരാളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലക്ക് കലക്ടര്‍ പിന്തുണക്കാന്‍ പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി പറഞ്ഞു. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. താന്‍ കനയ്യയെയും രോഹിതിനെയും പിന്തുണച്ചിട്ടില്ളെന്നും ചില കുറിപ്പുകള്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കലക്ടറുടെ വിശദീകരണം. ഉദ്യോഗസ്ഥനെന്ന നിലക്ക് തന്‍െറ കൂറ് സര്‍ക്കാറിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയയുടെ ഫേസ്ബുക് പോസ്റ്റ് വിവാദത്തിലായിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തക സോണി സോറിക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്ന പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.