പൊലീസ് പീഡിപ്പിച്ച യുവതിക്ക് നഷ്ടപരിഹാരമില്ല; കേരളത്തിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: പൊലീസ് ദ്രോഹിച്ച ഗാര്‍ഹികതൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വീഴ്ചവരുത്തിയ കേരളസര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്. ജോലി ചെയ്ത വീട്ടിലെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ചേരാനല്ലൂര്‍ പൊലീസ് കൊടിയ പീഡനത്തിനിരയാക്കിയ ലീബാ രതീഷിന് നഷ്ടപരിഹാരം നല്‍കാത്തതിനെതിരെയാണ് കമീഷന്‍ ഇടപെടല്‍.

കേസില്‍ ആറു പൊലീസുകാര്‍ ക്രിമിനല്‍നടപടികള്‍ നേരിടുന്ന സാഹചര്യത്തിലും ഇടക്കാല ആശ്വാസമായ മൂന്നു ലക്ഷം രൂപ നല്‍കാന്‍ വീഴ്ചവരുത്തിയതു സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടാണ് നിര്‍ദേശിച്ചത്. ലീബക്കുനേരെ കൊടിയപീഡനം നടന്നുവെന്നത് സംശയാതീതമായി വ്യക്തമാണെന്ന് കമീഷനംഗം ജസ്റ്റിസ് ഡി. മുരുഗേശന്‍ നിരീക്ഷിച്ചു.

വീട്ടുടമ നല്‍കിയ പരാതിയില്‍ കസ്റ്റഡിയിലെടുത്ത് 38 മണിക്കൂര്‍ പീഡിപ്പിച്ച പൊലീസുകാര്‍ അധികാരത്തിന്‍െറ കടുത്ത ദുര്‍വിനിയോഗവും മനുഷ്യാവകാശങ്ങളുടെ കൊടിയലംഘനവുമാണ് നടത്തിയത്. പീഡനത്തില്‍ നട്ടെല്ലിന് ഗുരുതരപരിക്കേറ്റതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.
പീഡിപ്പിച്ച കേസില്‍ എസ്.ഐ, എ.എസ്.ഐ, നാലു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.