ഇന്ത്യക്കല്ല, ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് -കനയ്യ കുമാർ

ന്യൂഡൽഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയിൽ ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ. ജയിൽ മോചിതനായി കാമ്പസിലെത്തിയ കനയ്യ വിദ്യാർഥികളെ അഭിസംബോധന ചെയ്താണ് ഇക്കാര്യം പറഞ്ഞത്.

ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും വ്യക്തമാക്കിയ കനയ്യ എ.ബി.വി.പിയെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്ന് തുറന്നുപറഞ്ഞു. പുറത്തുള്ള എ.ബി.വി.പിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാറിനും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച കനയ്യ, ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ചു. ജനവിരുദ്ധസര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കെതിരെ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജ വിഡിയോ സൃഷ്ടിക്കും, നിങ്ങളുടെ ഹോസ്റ്റല്‍വളപ്പില്‍ വന്ന് ഉറയെണ്ണും.

പ്രധാനമന്ത്രിയുമായി പലകാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹം ട്വീറ്റു ചെയ്ത ഒരു കാര്യത്തോട് യോജിക്കുന്നു -സത്യമേവ ജയതേ. തനിക്കും അതുതന്നെയാണ് പറയാനുള്ളത്. സത്യം വിജയിക്കുകതന്നെ ചെയ്യും. അതിര്‍ത്തിയില്‍ മരിക്കുന്ന ജവാന്മാരെക്കുറിച്ച് പാര്‍ലമെന്‍റില്‍ ബി.ജെ.പി എം.പി സംസാരിക്കുന്നു, പക്ഷേ, ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരെക്കുറിച്ച് നിങ്ങള്‍ പറയാത്തതെന്തേ.  ഇന്ത്യയില്‍നിന്ന് മോചനം വേണമെന്നല്ല തങ്ങള്‍ വാദിക്കുന്നത്, കൊള്ളയടിക്കുന്നവരില്‍നിന്നും ആക്രമണം അഴിച്ചുവിടുന്നവരില്‍നിന്നും ഇന്ത്യക്കു മോചനം വേണമെന്നാണ്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിന്‍െറ ഓരോവരിയും നിറഞ്ഞ കൈയടികളും മുദ്രാവാക്യം വിളികളുമായാണ് ജെ.എന്‍.യു സ്വീകരിച്ചത്. പ്രസംഗത്തെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദേശങ്ങളയച്ചു.

കഴിഞ്ഞദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കനയ്യക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടാണ് അദ്ദേഹം ജയിൽ മോചിതനായത്. ആറു മാസത്തെ ജാമ്യത്തിലാണ്  തിഹാർ ജയിലിൽ നിന്ന് കനയ്യയെ മോചിപ്പിച്ചത്.

ജനുവരി ഒമ്പത്, 11 തീയതികളിൽ ജെ.എൻ.യുവിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നായിരുന്നു ആരോപണം.

 
KANHAIYA CLEARS THE 'AZADI' JARGON ON HIS COMEBACK

Don't want 'azadi' from India, we want 'azadi' in India, says Kanhaiya Kumar at JNU campus #KanhaiyaGetsBail

Posted by ibnlive.com on Thursday, March 3, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.