വാരിവിതറി കര്‍ഷകക്ഷേമം കരിഞ്ഞുണങ്ങി കേരളത്തിന്‍െറ പ്രതീക്ഷകള്‍

ന്യൂഡല്‍ഹി: ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നോര്‍ത് ബ്ളോക്കിലെ ഓഫിസില്‍നിന്നിറങ്ങുന്ന അതേ സമയത്ത് രാജ്യത്തിന്‍െറ കാര്‍ഷിക തലസ്ഥാനമായ പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ കടക്കെണിമൂലം ജീവനൊടുക്കിയ രണ്ടു കര്‍ഷകരുടെ സംസ്കാരച്ചടങ്ങുകള്‍ അരങ്ങേറുകയായിരുന്നു.
മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ മേലില്‍ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക് ജീവന് സ്വയം വിരാമമിടേണ്ട ഗതിവരില്ല. കര്‍ഷകര്‍ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലാണെന്നു വിശേഷിപ്പിച്ച മന്ത്രി  35,984 കോടി രൂപയാണ് കാര്‍ഷിക മേഖലക്കായി വകയിരുത്തിയത്. 

ഭക്ഷ്യ സുരക്ഷക്കപ്പുറം ചിന്തിച്ച് വരുമാന സുരക്ഷ ഉറപ്പാക്കാന്‍ കര്‍ഷകര്‍ ശ്രമിക്കണമെന്നും അടുത്ത അഞ്ചുവര്‍ഷത്തിനകം കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകക്ഷേമത്തിന് വന്‍ പദ്ധതികളും തുകയും പ്രഖ്യാപിച്ച മന്ത്രി പക്ഷേ, മലയാളി കര്‍ഷകരുടെ ദുരിതത്തിന് അറുതിനല്‍കുന്ന ഒരു പ്രഖ്യാപനവും നടത്തിയില്ല.

യഥാസമയം ആവശ്യത്തിന് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ഒമ്പതു ലക്ഷം കോടി രൂപയാണ് വായ്പയായി ഇക്കുറി ലക്ഷ്യമിടുന്നത്. പലിശ ആശ്വാസം നല്‍കുന്നതിന് 15000 കോടി   വകയിരുത്തും. പുതുതായി നടപ്പാക്കുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5500 കോടി രൂപ വകയിരുത്തി. ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കാര്‍ഷിക ഉല്‍പാദനത്തിന് നിര്‍ണായകമാവും.

 രാജ്യത്തെ 141 മില്യണ്‍ ഹെക്ടര്‍ കൃഷിഭൂമിയില്‍ 46 ശതമാനം ഭാഗത്തുമാത്രമാണ് ജലസേചന സൗകര്യമുള്ളത്. പ്രധാനമന്ത്രി കൃഷി ജലസേചന പദ്ധതി മുഖേന 28.5 ലക്ഷം ഹെക്ടറില്‍ വെള്ളമത്തെിക്കാനാവും. ത്വരിത ജലസേചന സേവന പദ്ധതി (എ.ഐ.ബി.പി)ക്കു കീഴിലെ 89 ജലസേചന പദ്ധതികള്‍ വഴി 80.6 ലക്ഷം ഹെക്ടറും നനക്കാം. ഇവക്കായി അടുത്ത വര്‍ഷം 17000 കോടി രൂപയാണ് വേണ്ടിവരിക. പദ്ധതികളില്‍ 23 എണ്ണം അടുത്ത വര്‍ഷം മാര്‍ച്ച് 31നകം  പൂര്‍ത്തിയാകുമെന്ന് ജെയ്റ്റ്ലി പ്രഖ്യാപിച്ചു. 

കൃഷി അനുബന്ധക്ഷേമ പദ്ധതികള്‍ക്കുമാത്രം ചെലവിടുന്നതിനായി നികുതി ചുമത്താവുന്ന സേവനങ്ങള്‍ക്കെല്ലാം അരശതമാനം കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്തും. ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. കണക്കില്‍ കവിഞ്ഞ പണം കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 7.5 ശതമാനം സര്‍ചാര്‍ജ് വഴി ലഭിക്കുന്ന വരുമാനവും കര്‍ഷക-ഗ്രാമക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. കൂടുതല്‍ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ പ്രകൃതി ദുരന്ത ദുരിതാശ്വാസം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്കരിക്കും. ജൈവകൃഷി പ്രോത്സാഹനത്തിന് 412 കോടി ചെലവിടും.

പരമ്പരാഗത കൃഷിവികാസ പദ്ധതിവഴി മൂന്നു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഏക്കറിലാണ് ജൈവകൃഷി വ്യാപിപ്പിക്കുക.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാന്‍ വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. 2.23 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകളെ ബന്ധിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് ഗുണകരമാവും. 97 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അധികമായി സംഭരിക്കും. പരമാവധി വിറ്റഴിക്കല്‍ വിലയുടെ ആനുകുല്യം കര്‍ഷകര്‍ക്ക് ഉറപ്പാക്കും. 585 മൊത്ത വിപണികളിലൂടെ ഇ-പ്ളാറ്റ്ഫോം വഴി ഏകീകൃത കാര്‍ഷിക മാര്‍ക്കറ്റിങ് നടപ്പാക്കും.

ഡോ. അംബേദ്കറുടെ ക്ഷീരകര്‍ഷക ക്ഷേമത്തിന് നാലു പദ്ധതികള്‍ കൊണ്ടുവരും. കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ദേശീയതല മത്സരം നടത്തും. റബര്‍ വിലത്തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനുതകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കര്‍ഷകരെ മന്ത്രി നിരാശയിലാക്കി. ഏലം, കാപ്പി, നാളികേരം കര്‍ഷകരും അവഗണിക്കപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.