നരസിംഹ റാവുവിനെതിരെ വിമര്‍ശവുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ വിമര്‍ശവുമായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. നരസിംഹറാവു രാജ്യത്തിന് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെയ്ത മോശം കാര്യങ്ങളുടെ ഫലവും രാജ്യം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണെന്ന് ഹാമിദ് അന്‍സാരി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ റാവു സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ തടയാനായി അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഒന്നും ചെയ്തില്ലെന്ന ആക്ഷേപത്തെ പ്രതിരോധിക്കുന്നതാണ് വിനയ് സീതാപതിയുടെ ഹാഫ് ലയണ്‍ എന്ന പുസ്തകം. രാജ്യം നരസിംഹറാവു ചെയ്ത നല്ല കാര്യങ്ങളെ സ്മരിക്കുമ്പോള്‍ തന്നെ അദ്ദേഹം ചെയ്ത ദോഷങ്ങളുടെ ഫലം രാജ്യം അനുഭവിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നരസിംഹറാവുവിനോട് നിര്‍ദയമായി പെരുമാറുകയായിരുന്നുവെന്നും മുസ്ലീം വോട്ടുകള്‍ ആകര്‍ഷിക്കാനായി നരസിംഹറാവുവില്‍ കുറ്റം ചുമത്തുകയായിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് വിനയ് സീതാപതി പറഞ്ഞു. ഒരേസമയം പള്ളിയും ഹിന്ദു വികാരവും തന്നെത്തന്നെയും സംരക്ഷിയ്ക്കാന്‍ റാവു ശ്രമിച്ചു. എന്നാല്‍ പള്ളി തകര്‍ക്കപ്പെടുകയും ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയും റാവുവിന്റെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്നതിലാണ് അത് അവസാനിച്ചെതന്ന്. പുസ്തകത്തില്‍ വിനയ് സീതാപതി വിലയിരുത്തിയിട്ടുണ്ട്. ഈ വരികള്‍ തന്റെ പ്രസംഗത്തില്‍ ഹാമിദ് അന്‍സാരിയും ഉദ്ധരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.