കലബുറഗി റാഗിങ്​; കോളജിന്‍െറ അംഗീകാരം പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: മലയാളി ദലിത് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ക്രൂര പീഡനത്തിനിരയാക്കിയ കര്‍ണാടകയിലെ നഴ്സിങ് കോളജിന്‍െറ അംഗീകാരം നഷ്ടപ്പെട്ടേക്കും.
എടപ്പാള്‍ സ്വദേശി അശ്വതിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജിന്‍െറ അംഗീകാരം റദ്ദാക്കാനാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ ആലോചിക്കുന്നത്. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കൗണ്‍സില്‍ പ്രസിഡന്‍റ് ടി. ദിലീപ് കുമാര്‍ ചൂണ്ടിക്കാട്ടി. റാഗിങ് തടയുന്നതിന് യു.ജി.സി നിര്‍ദേശിച്ച നടപടിക്രമങ്ങളൊന്നും കോളജ് പാലിച്ചിട്ടില്ല. സുപ്രീംകോടതിയുടെ വിധിക്കും മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ നിലപാടാണത്. ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ഭാവിയില്‍ ഇത് വ്യാപകമായി ആവര്‍ത്തിക്കപ്പെട്ടേക്കും. കോളജധികൃതരുടെ ഭാഗം കൂടി കേട്ട ശേഷമേ അടുത്ത നടപടിയിലേക്ക് കടക്കൂ. ഇതിനു മുന്നോടിയായി കൗണ്‍സില്‍ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഘം കോളജ് സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും അവര്‍ വിവരങ്ങള്‍ ആരായും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അതു പരിശോധിച്ച് ഭാവി തീരുമാനം കൈക്കൊള്ളുമെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.