പാംപോർ ആക്രമണം: കൊല്ലപ്പെട്ടവരിൽ തിരുവനന്തപുരം സ്വദേശിയും

ശ്രീനഗർ: ജമ്മു-കശ്മീരിലെ പാംപോറിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് സംഘത്തിൽ മലയാളിയും. സി.ആര്‍.പി.എഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രനാണ് മരിച്ചത്.  ജയചന്ദ്രന്‍റെ അടക്കം എട്ടു പേരുടെ മൃതദേഹങ്ങൾ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഈ മാസം 10നാണ് ജയചന്ദ്രൻ അവധി കഴിഞ്ഞ് തിരിച്ചുപോയത്.

ശനിയാഴ്ച പുല്‍വാമ ജില്ലയിലെ പാംപോറിൽ  തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ രണ്ട് സി.ആര്‍.പി.എഫ് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സേനാസംഘത്തെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 161ാം ബറ്റാലിയന്‍ സൈന്യത്തിനു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു.

ഈ മാസം ശ്രീനഗര്‍-ജമ്മു ദേശീയപാതയിലുണ്ടാകുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബി.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ലശ്കറെ ത്വയ്യിബ ആക്രമണത്തില്‍ മൂന്നു സൈനികള്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.