ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യം പുറത്ത്

ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന യുവാവിന്‍റെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. പുറത്തു ബാഗ് തൂക്കി ചടുലമായി നടന്നു നീങ്ങുന്ന യുവാവിന്‍റെ സി.സി ടിവി ദൃശ്യമാണ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.

അതേസമയം, ദൃശ്യത്തിലെ യുവാവിനെ കണ്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട സ്വാതിയുടെ സുഹൃത്ത് പറഞ്ഞു. ഫേസ്ബുക്കിൽ വായിച്ച ഒരു ലേഖനത്തിൽ യുവാവിന്‍റെ ചിത്രം കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതി എസ് (24)നെ നൂങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍വെച്ച് വെട്ടികൊലപ്പെടുത്തിയത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിയായ സ്വാതി ഓഫീസിലെത്തുന്നതിന് ട്രെയിൻ കാത്തുനില്‍ക്കെയായിരുന്നു സംഭവം.

പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നുപോകുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. വഴക്കിനിടെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്ലാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണിത്.

കൃത്യം നടത്തിയ ഉടന്‍ അക്രമി ആളുകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ യുവതി സംഭവസ്ഥത്തുവെച്ചു തന്നെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.