പ്രധാനമന്ത്രി മുതല്‍ വിദ്യാര്‍ഥികള്‍ വരെ പങ്കാളികളായി യോഗദിനം

ചണ്ഡിഗഢ്: ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്‍െറ വീണ്ടെടുപ്പിന് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യമെങ്ങും ലക്ഷങ്ങള്‍ പങ്കാളികളായി. ചണ്ഡിഗഢിലെ കാപ്പിറ്റോള്‍ തിയറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗ ചടങ്ങിന് 30,000ഓളം പേരത്തെി.
യോഗക്ക് മികച്ച സംഭാവന നല്‍കുന്നവരെ ആദരിക്കാന്‍ അടുത്ത യോഗദിനം മുതല്‍ ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ രണ്ട് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. യോഗ രാജ്യത്തെ ഒന്നിപ്പിക്കും. അത് ജീവന്‍െറ ശാസ്ത്രമാണെന്നും മത ചടങ്ങല്ളെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ വിവാദമാക്കരുത്. യോഗയിലൂടെ മനസ്സിനെ സ്ഥിരപ്പെടുത്തി ശരീരത്തിന്‍െറ ചലനത്തെ സന്തുലിതമാക്കാന്‍ കഴിയും. വിശ്വാസിക്കും അവിശ്വാസിക്കും യോഗചെയ്യാം. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവര്‍ ഇന്ന് യോഗയുടെ ഗുണഫലം അംഗീകരിക്കുന്നു. എന്നാല്‍, ചിലര്‍ ഇപ്പോഴും മുഖംതിരിഞ്ഞുനില്‍ക്കുന്നുണ്ട്. യോഗ പരിശീലനം വ്യവസ്ഥാപിതമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് യോഗയുടെ ശാസ്ത്രീയ പരിശീലനത്തിന് വ്യവസ്ഥ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
വെള്ള ടീ ഷര്‍ട്ടും പാന്‍റ്സും സ്കാര്‍ഫും ധരിച്ചാണ് മോദി യോഗക്ക് നേതൃത്വം നല്‍കിയത്. ഭിന്നശേഷിക്കാരുടെ പങ്കാളിത്തത്തിന് ഈ വര്‍ഷത്തെ ദിനാചരണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. മോദി പങ്കെടുത്ത ചടങ്ങില്‍ 150 ഭിന്നശേഷിയുള്ളവര്‍ പങ്കെടുത്തു. എട്ട് ബ്ളോക്കുകളിലായി അണിനിരന്നവര്‍ക്ക് 500 പരിശീലകര്‍ ആസനങ്ങള്‍ പറഞ്ഞുകൊടുത്തു.
ചടങ്ങിനുശേഷം അദ്ദേഹം ചടങ്ങിനത്തെിയവര്‍ക്കിടയിലേക്കിറങ്ങി സെല്‍ഫിക്ക് പോസ്ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ സൈനികര്‍ വരെയുള്ളവര്‍ പങ്കെടുത്തു. പഞ്ചാബ്-ഹരിയാന ഗവര്‍ണര്‍ കെ.എസ്. സോളങ്കി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ചടന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്തു. ഗുജറാത്തിലെ രാജ്കോട്ടില്‍ 2000 ഗര്‍ഭിണികള്‍ യോഗചെയ്തത് ശ്രദ്ധേയമായി. യുദ്ധക്കപ്പലുകളിലും സൈനിക ആസ്ഥാനങ്ങളിലും പ്രത്യേക പരിപാടികള്‍ നടന്നു. പെണ്‍ കാഡറ്റുകള്‍ക്കുമാത്രമായി എന്‍.സി.സി യോഗ സംഘടിപ്പിച്ചു. വംശത്തിനും വിശ്വാസത്തിനും ലിംഗത്തിനും പ്രായത്തിനും അതീതമായ മനുഷ്യക്കൂട്ടായ്മക്ക് ആരോഗ്യകരമായ ജീവിത പരിശീലനം സാധ്യമാക്കാന്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. യു.എന്‍ ആസ്ഥാനത്ത് യോഗ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
യോഗയെ ജീവിതത്തിന്‍െറ അവിഭാജ്യഘടകമാക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 1000ഓളം പേര്‍ യോഗ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.