ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം ; ചൈന എതിർക്കില്ലെന്ന്​​ സുഷമ സ്വരാജ്​

ന്യൂഡല്‍ഹി: എന്‍.എസ്.ജി (ആണവദാതാക്കളുടെ ഗ്രൂപ്) അംഗത്വത്തിനുള്ള തീവ്ര ശ്രമം തുടരുന്നതിനിടെ,  ഇന്ത്യയുടെ നീക്കത്തോട് ചൈനക്ക് എതിര്‍പ്പില്ളെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പിന്തുണ തേടി  വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം രഹസ്യമായി ചൈന സന്ദര്‍ശിച്ചത് സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 
 ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളില്‍ എന്‍.എസ്.ജി (ആണവ ദാതാക്കളുടെ ഗ്രൂപ്) അംഗരാഷ്ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് സുഷമയുടെ പ്രസ്താവന. അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് സുഷമ പറഞ്ഞു. അവരെ ഇന്ത്യയുടെ  നിലപാട് ബോധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടുമെന്ന കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളത്. താന്‍ നേരിട്ട് 23 രാജ്യങ്ങളെ ബന്ധപ്പെട്ടു. അതില്‍ ഒന്നോ രണ്ടോ ആണ് നേരിയ വിയോജിപ്പ് പറഞ്ഞത്. 
എന്‍.എസ്.ജിയില്‍ ഏതു രാജ്യവും വരുന്നതിനെ ഇന്ത്യ എതിര്‍ക്കില്ല. അത് പക്ഷേ, യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. ഇന്ത്യ എന്‍.എസ്.ജി അംഗമല്ലാത്തതിനാല്‍ പാകിസ്താന് അംഗത്വം നല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ കഴിയില്ളെന്നും സുഷമ പറഞ്ഞു.  വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, വിദേശമന്ത്രാലയ വകുപ്പ് സെക്രട്ടറി (വെസ്റ്റ്) സുജാത മത്തേ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാക്കാനുള്ള തീവ്രയത്നം നടക്കുന്നത്.  ഇന്ത്യ ഗ്രൂപ്പില്‍ അംഗമാകുന്നതിനെ ശക്തമായി എതിര്‍ക്കുന്ന അയല്‍രാജ്യമായ ചൈനയില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ജൂണ്‍ 16, 17 തീയതികളിലാണ് രഹസ്യ സന്ദര്‍ശനം നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.