കോളജ് പ്രവേശത്തിനും ദേശീയതല പരീക്ഷക്ക് ശിപാര്‍ശ

ന്യൂഡല്‍ഹി: 12ാം ക്ളാസ് കഴിഞ്ഞവര്‍ക്ക് കോളജ് പ്രവേശത്തിന് മുമ്പായി അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ ദേശീയതല പരീക്ഷ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ സമിതി. 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടി കുറക്കുന്നതിനായി കണക്കും സയന്‍സും അടിസ്ഥാനപ്പെടുത്തി ഹയര്‍, ലോവര്‍ എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി ബോര്‍ഡ് പരീക്ഷ നടത്തണം. ഈ വിഷയങ്ങള്‍ തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും മറ്റു തൊഴിലധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലോവര്‍ ലെവല്‍ പരീക്ഷയാണ് നിര്‍ദേശിച്ചിരിക്കുന്നത്.  ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിലവിലെ നിരന്തര മൂല്യനിര്‍ണയ സംവിധാനം മാറി  സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷാ രീതി തിരിച്ചത്തെും.  സംസ്കൃതം, യോഗ എന്നിവക്ക് പാഠ്യപദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കാന്‍ സമിതി നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസത്തിന് നല്ലത് മാതൃഭാഷയാണെങ്കിലും സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ് എന്നിവക്ക് പ്രാമുഖ്യം നല്‍കണം. ഒരു ക്ളാസിക്കല്‍ ഭാഷ മാത്രമല്ല, മറിച്ച് ജീവിക്കുന്ന പ്രതിഭാസം എന്നാണ് സംസ്കൃതത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. എല്‍.പി, യു.പി ക്ളാസുകള്‍ മുതല്‍തന്നെ സംസ്കൃത പഠനം തുടങ്ങണം. അധ്യാപക നിയമനം സുതാര്യവും പരാതി രഹിതവുമാക്കാന്‍ സ്വതന്ത്ര റിക്രൂട്ട്മെന്‍റ് കമീഷന്‍ വേണം. 12ാം ക്ളാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷ അധ്യാപക പരിശീലന കോഴ്സിന് പ്രവേശനം നല്‍കാം.
വിദ്യാര്‍ഥികളുടെ ലക്ഷ്യം പഠനം ആയിരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ-ദേശീയ വൈരങ്ങള്‍ തീര്‍ക്കാനുള്ള കേന്ദ്രങ്ങളായി മാറരുതെന്നും പറയുന്ന റിപ്പോര്‍ട്ട് ജാതി-മത അധിഷ്ഠിതമായ വിദ്യാര്‍ഥി കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കുന്നത് ആലോചിക്കണമെന്നും പറയുന്നു.  മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യത്തിന്‍െറ നേതൃത്വത്തിലെ സമിതിയെയാണ് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.

പ്രധാന നിര്‍ദേശങ്ങള്‍
യോഗയുടെ ബാലപാഠങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികളും പഠിച്ചിരിക്കണം. സ്കൂളുകളില്‍ മറ്റ് കായിക പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഉച്ചഭക്ഷണ പദ്ധതി സെക്കന്‍ഡറിതലത്തിലേക്കും വ്യാപിപ്പിക്കണം. ബി.എഡിന് നാലുവര്‍ഷ പാഠ്യപദ്ധതി തയാറാക്കണം.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ സ്വതന്ത്ര ബോര്‍ഡ് രൂപവത്കരിക്കണം. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന 10 ലക്ഷം വിദ്യാര്‍ഥികളുടെ പഠന ച്ചെലവുകള്‍ക്ക് ദേശീയ ഫെലോഷിപ് ഫണ്ട്, സമയബന്ധിതമായി പരാതി പരിഹാരത്തിന് മാനവശേഷി മന്ത്രാലയത്തിന്‍െറ കീഴില്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ എന്നിവയും സമിതി നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.