അഹമ്മദാബാദ്: ഗുൽബർഗ് സൊസൈറ്റി ആക്രമിക്കാൻ വന്ന ജനക്കൂട്ടത്തിന് നേരെ കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരി വെടിവെച്ചത് അക്രമികളെ പ്രകോപിപ്പിച്ചതായി കേസിൽ കഴിഞ്ഞ ദിവസം വിധി പറഞ്ഞ അഹമ്മദാബാദിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം. അക്രമികൾക്ക് നേരെ ജാഫരി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് അത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയില്ല. അതേസമയം കോടതിയുടെ ഇത്തരത്തിലുള്ള പ്രസ്താവനകളൊന്നും പ്രതികളെ ന്യായീകരിക്കുന്നതല്ലെന്നും ജഡ്ജി പി.ബി ദേശായി പറഞ്ഞു.
പ്രതികൾ ചെയ്ത കുറ്റകൃത്യത്തെ കോടതി ന്യായീകരിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളെ അവർ കുത്തിയും ചുട്ടുകരിച്ചുമാണ് കൊന്നത്. ഇത് വളരെ ക്രൂരമാണെന്നും കോടതി വ്യക്തമാക്കി. അതേ സമയം ഗുൽബർഗ് സൊസൈറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്രമികൾക്ക് നേരെ ജാഫരി വെടിയുതിർത്തതായി വിധി ന്യായത്തിൽ പറയുന്നു. എന്നാൽ ഗുൽബർഗ് കൂട്ടക്കൊലയുടെ എല്ലാ വിവരങ്ങളും വിശദമായും കൃത്യമായും കോടതി മുമ്പാകെ മൊഴി നൽകിയ സാക്ഷികൾ ജാഫരിയുടെ െവടിവെപ്പിനെ കുറിച്ച് സൗകര്യ പൂർവ്വം മറക്കുന്ന 'സെലക്ടീവ് അംനേഷ്യ' ബാധിച്ചവരാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
അതേസമയം വിധിയിലെ കണ്ടെത്തൽ ജാഫരിയുടെ മകൻ തൻവീർ ജാഫരി നിരാകരിച്ചു. ഇഹ്സാൻ ജാഫരി വെടിവെക്കുന്നതായി സംഭവത്തിൽ പരിക്കേറ്റ ഒരു സാക്ഷി മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ ആ സാക്ഷിയെ എന്ത് കൊണ്ട് കോടതിയിൽ ഹാജരാക്കിയില്ലെന്നും തൻവീർ ചോദിച്ചു.
ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലെ പ്രതികളെ വെള്ളിയാഴ്ച്ചയാണ് കോടതി ശിക്ഷിച്ചത്. കേസിൽ 11 പേർക്ക് ജീവപര്യന്തം തടവും 12 പേർക്ക് ഏഴുവർഷവും ഒരാൾക്ക് 10 വർഷവും തടവുശിക്ഷ വിധിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് 2002 ഫെബ്രുവരി 28ന്ഗുൽബർഗ് സൊസൈറ്റിയിൽ നടന്നത്. 29 ബംഗ്ലാവുകളും 10 അപാർട്െമൻറുകളും അടങ്ങുന്നഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്ലിംകളാണ് താമസിച്ചിരുന്നത്.ഗോധ്ര തീവെപ്പിന് പിന്നാലെ 20,000ത്തോളം വരുന്ന ആൾക്കൂട്ടം വീടുകൾ ആക്രമിച്ച്, മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജാഫരി അടക്കം 69 പേർ കൂട്ടക്കൊല നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.