രണ്ടുമുറിയുള്ള വാടക ഫ്ലാറ്റ് തുറന്നുകാട്ടി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ

ന്യൂഡല്‍ഹി: ജഗ്പുരയിലുള്ള തന്‍റെ വാടക ഫ്ളാറ്റ് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ പ്രവീണ്‍കുമാര്‍. ഡല്‍ഹി ജഗ്പുരയിലെ വാടക അപ്പാര്‍ട്ട്മെന്‍റില്‍ നാലു സൃഹൃത്തുക്കള്‍ക്ക് ഒപ്പമാണ് പ്രവീണ്‍ കുമാര്‍ കഴിയുന്നത്. രണ്ടുമുറികളുള്ള ഫ്ളാറ്റിന് 10,000 രൂപയാണ് വാടക നല്‍കുന്നത്. എ.സിയോ വാട്ടര്‍കൂളറോ കിടക്കാന്‍ ഒരു കിടക്കയോ പോലുമില്ല. പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ച 21 എം.എല്‍.എമാരില്‍ ഒരാളാണ് പ്രവീണ്‍ കുമാര്‍.

‘‘ഇതാണ് എന്‍റെ ഓഫിസ്. കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാനിവിടെ താമസിക്കുന്നത്. ഒരു മുറി ഓഫിസായി ഉപയോഗിക്കുന്നു. അടുത്ത മുറിയില്‍ നിലത്തു വിരിച്ചാണ് ഞങ്ങള്‍ കിടന്നുറങ്ങുന്നത്. എന്‍റെ മനോഹരമായ ബംഗ്ളാവ് കാണാന്‍ ബി.ജെ.പി നേതാക്കളെ ക്ഷണിക്കുകയാണ്’’- 28 കാരനായ പ്രവീണ്‍ കുമാര്‍ പറഞ്ഞു. വൈദ്യുതി വിതരണം, ജല വിതരണം, ആശുപത്രികളുടെയും സ്കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പ്രതിഫലം വാങ്ങിയല്ളെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

 2015 മാര്‍ച്ചിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ ഇരട്ടപ്പദവി വഹിച്ചെന്ന് ആരോപിച്ച് നിരവധി നിവേദനങ്ങള്‍ രാഷ്ട്രപതിക്ക് ലഭിക്കുകയായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍  പ്രതിഫലം കൂടാതെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ച ഭേദഗതി ബില്ല് കൊണ്ടുവന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബില്ല് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളുകയായിരുന്നു.  പ്രതിഫലത്തോടു കൂടിയാണ് നിയമനം എന്നായിരുന്നു രാഷ്ട്രപതിക്ക് ലഭിച്ച നിവേദനങ്ങളിലെ ആരോപണം. അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ ശിപാര്‍ശ പ്രകാരമാണു രാഷ്ട്രപതിയുടെ തീരുമാനമെന്നാണ് എ.എ.പിയുടെ വാദം.പ്രത്യേക പദവിയുള്ള സംസ്ഥാനമായ ഡല്‍ഹിയിലെ നിയമത്തില്‍ പാര്‍ലമെന്‍ററി സെക്രട്ടറിമാര്‍ പ്രതിഫലമുള്ള പദവിയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇരട്ടപദവി വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി  ജയാ ബച്ചന്‍ നേരത്തെ രാജിവെച്ചിരുന്നു. ഇരട്ടപദവിയുള്ള എം.എല്‍.എമാരെ അയോഗ്യരാക്കി ഡല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.