ന്യൂഡല്‍ഹി: ഭീകരവാദക്കേസുകള്‍ ചുമത്തി 2009 മുതല്‍ യു.എ.പി.എ നിയമപ്രകാരം ഡല്‍ഹി പൊലീസ് തടവിലിട്ടിരുന്ന മാവോവാദി സൈദ്ധാന്തികന്‍ കൊബാഡ് ഗണ്ടിയെ കോടതി കുറ്റമുക്തനാക്കി. അദ്ദേഹത്തിനെതിരായ ഭീകരപ്രവര്‍ത്തന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ളെന്ന് വിധിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിങ് വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ട വകുപ്പുകള്‍പ്രകാരം ശിക്ഷ വിധിച്ചു. ഈ കുറ്റങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 68കാരനായ കൊബാഡ് ഇതിനകം അനുഭവിച്ചുകഴിഞ്ഞു.
പല കോടതികളിലായി 14 കേസുകള്‍ അവശേഷിക്കുന്നതിനാല്‍ ജയില്‍മോചനം ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നിരോധിത മാവോവാദി പാര്‍ട്ടിയുടെ ശാഖകള്‍ കെട്ടിപ്പടുക്കുന്നുവെന്നാരോപിച്ച് 2009 സെപ്റ്റംബര്‍ 20നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍െറ സഹായി രജീന്ദര്‍ കുമാറിനെ 2010ലും അറസ്റ്റ് ചെയ്തു. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍നിന്ന് ലഭിച്ച പുസ്തകങ്ങള്‍. പ്രിന്‍റൗട്ടുകള്‍, നോട്ടീസുകള്‍ തുടങ്ങിയ രേഖകളാണ് നിരോധിത സംഘടനയുമായുള്ള ബന്ധത്തിന് തെളിവായി പൊലീസ് ഹാജരാക്കിയത്. എന്നാല്‍, ഇവ നിലനില്‍ക്കുന്നതല്ല എന്ന് കോടതി വ്യക്തമാക്കി.
സാക്ഷിമൊഴികള്‍ ദുര്‍ബലവുമാണ്. എന്നാല്‍, വ്യാജരേഖകളുടെ ബലത്തില്‍ കള്ളപ്പേരിലാണ് കൊബാഡ് ഡല്‍ഹിയില്‍ താമസിച്ചുപോന്നിരുന്നത് എന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.
താന്‍ ആരെന്ന് വെളിപ്പെടാതിരിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, സംശയം എത്ര ബലവത്തായതാണെങ്കിലും തെളിവുകള്‍ക്ക് തുല്യമല്ല എന്ന് വ്യക്തമാക്കിയ കോടതി ആള്‍മാറാട്ടം നടത്തി വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചതിന് തടവും 10,000 രൂപ പിഴയും വിധിച്ചു. അദ്ദേഹത്തിന്‍െറ സഹായി രജീന്ദറിനും സമാനമായ ശിക്ഷ ലഭിക്കും. എന്നാല്‍, കാണ്‍പുര്‍ കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ രജീന്ദറിന്‍െറ മോചനവും അനിശ്ചിതത്വത്തിലാണ്. മുംബൈയിലെ അതിസമ്പന്ന കുടുംബത്തില്‍ ജനിച്ച കൊബാഡ് ഇംഗ്ളണ്ടില്‍ പഠനത്തിനായി പോയ വേളയിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായത്.
അവിടെനിന്ന് അറസ്റ്റിലായി നാടുകടത്തപ്പെട്ടശേഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാവോവാദി ചിന്താസരണി വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. ഭാര്യ അനുരാധ ഷാന്‍ഭാഗ് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരവെ മലേറിയ ബാധിച്ച് മരിച്ചു. കാന്‍സര്‍ ബാധ സ്ഥിരീകരിക്കപ്പെട്ടശേഷം ചികിത്സക്കായി നാഗ്പുരില്‍ നിന്ന് ഡല്‍ഹിയിലത്തെിയ ഇദ്ദേഹം ദിലീപ് പട്ടേല്‍ എന്ന പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ജയിലില്‍വെച്ച് നിരവധി ലേഖനങ്ങളും എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.