മോദി-ഒബാമ ബന്ധത്തെ പരിഹസിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും പ്രസിഡന്‍റ് ഒബാമയുമായുള്ള കൂടിക്കാഴ്ചയെയും പരിഹസിച്ച് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഒബാമ തന്‍െറ പ്രസിഡന്‍റ് കാലാവധി കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് വന്നാല്‍ അദ്ഭുതപ്പെടാനില്ളെന്ന് കഴിഞ്ഞദിവസം ശിവസേന മുഖപത്രം സാമ്ന പരിഹസിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് മോദിയുടെ പ്രിയ സുഹൃത്താണിപ്പോള്‍. പ്രസിഡന്‍റ് പദവിയില്‍നിന്ന് പിരിഞ്ഞതിനുശേഷം  ഒബാമയും കുടുംബവും സൂറത്തിലോ രാജ്കോട്ടിലോ പോര്‍ബന്ദറിലോ ഡല്‍ഹിയിലോ താമസം മാറിയാല്‍ അദ്ഭുതപ്പെടാനില്ലാത്തത്രയും ആഴത്തില്‍ ആ ബന്ധം വളര്‍ന്നിരിക്കുന്നു. മുമ്പൊരു പ്രധാനമന്ത്രിക്കും കിട്ടാത്ത സ്നേഹമാണ് അമേരിക്കയില്‍ മോദിക്ക് ലഭിച്ചത്. എന്നാല്‍, പാകിസ്താനെ ആയുധങ്ങളും സമ്പത്തും നല്‍കി സഹായിക്കുന്ന പഴയ അമേരിക്ക തന്നെയാണിത്.

ഒരേസമയം ഇന്ത്യയോടൊപ്പം തീവ്രവാദത്തിനെതിരെ പോരാടുകയും അതേസമയം തീവ്രവാദ രാഷ്ട്രത്തിന് ആയുധം നല്‍കുകയുമാണ് -സാമ്ന എഡിറ്റോറിയല്‍ പറഞ്ഞു. പാകിസ്ഥാനോടും ഇന്ത്യയോടും അമേരിക്ക സ്വീകരിക്കുന്ന ഇരട്ട നിലപാടുകള്‍ തിരിച്ചറിയണമെന്നും സാമ്ന ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.