കല്‍ക്കരി നിലയങ്ങള്‍ ‘കുടിച്ചുതീര്‍ക്കുന്നത്’ 25 കോടി ജനങ്ങളുടെ ജീവജലം

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ഉപയോഗിച്ച് ഊര്‍ജോല്‍പാദനം നടത്തുന്ന നിലയങ്ങള്‍ ഉപയോഗിക്കുന്നത് 25 കോടി ജനങ്ങള്‍ക്ക് ആവശ്യമുള്ളത്രയും അളവ് കുടിവെള്ളമാണെന്ന് പഠനം. പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍െറ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. കടുത്ത ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഛത്തിസ്ഖഢ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍നിലയങ്ങളെക്കുറിച്ച് പഠിച്ചാണ് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ കല്‍ക്കരി നിലയങ്ങള്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്ന ശുദ്ധജലത്തിന്‍െറ അളവ് 460 കോടി ഘനമീറ്റര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. 25 കോടി ജനങ്ങളുടെ ശുദ്ധജലാവശ്യം നിറവേറ്റാന്‍ ഇത്രയും അളവ് ജലം മതിയാകും. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിലയങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.ഇവകൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ, ജലചൂഷണം ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കല്‍ക്കരി നിലയങ്ങള്‍ ഊറ്റിയെടുക്കുന്ന കുടിവെള്ളത്തെക്കുറിച്ച് പദ്ധതികള്‍ക്ക് അനുമതിനല്‍കുന്ന സര്‍ക്കാറുകള്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല.ഊറ്റിയെടുക്കുന്ന ജലത്തിന്‍െറ അളവ് തീര്‍ത്തും അവഗണിച്ചാണ് ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കാറുള്ളതെന്നും ഗ്രീന്‍പീസ് കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.