ഹൈദരാബാദ്: കാപു സമുദായത്തിന് പിന്നാക്ക പദവി ആവശ്യപ്പെട്ട് നടന്ന സമരം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ അക്രമാസക്തമായി. ദേശീയപാത 16 ഉപരോധിച്ച സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും എട്ട് ട്രെയിന്‍ ബോഗികള്‍ക്കും തീവെച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിശാഖപട്ടണത്തുനിന്ന് 100 കിലോമീറ്റര്‍ മാറി ടുണി എന്ന സ്ഥലത്ത് നടന്ന കാപു സമുദായത്തിന്‍െറ വന്‍ സമ്മേളനം പെട്ടെന്ന് കലാപാന്തരീക്ഷത്തിലേക്ക് മാറുകയായിരുന്നു.
അക്രമസംഭവങ്ങളെ തുടര്‍ന്ന് വിജയവാഡക്കും വിശാഖപട്ടണത്തിനുമിടയിലെ ട്രെയിന്‍ ഗതാഗതവും ചെന്നൈ-കൊല്‍ക്കത്ത ദേശീയപാതയിലെ വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകര്‍ തീവെച്ച രത്നാചല്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. കാപു സമുദായത്തിന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ളെങ്കില്‍ ഉപരോധം അവസാനിപ്പിക്കില്ളെന്ന് മുതിര്‍ന്ന നേതാവ് എം. പത്മനാഭന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടം ഹര്‍ഷാരവങ്ങളോടെയാണ് ഇദ്ദേഹത്തിന്‍െറ പ്രഖ്യാപനം സ്വീകരിച്ചത്.
സമ്മേളന സ്ഥലത്തിനടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിച്ച പ്രക്ഷോഭകര്‍ ട്രെയിന്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെട്ട ശേഷം തീവെക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ടുണി റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച പ്രക്ഷോഭകര്‍ ഫര്‍ണിചര്‍ നശിപ്പിച്ചു. ടുണി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത സംഘം കല്ളെറിയുകയും തീവെക്കുകയുമായിരുന്നു. കല്ളേറില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം നിയന്ത്രണവിധേയമാക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെിയിട്ടുണ്ട്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിഷയം ചര്‍ച്ചചെയ്യാന്‍ വിജയവാഡയില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കാപു സമുദായത്തിന് പിന്നാക്ക സമുദായ പദവി ചന്ദ്രബാബു നായിഡുവിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ആന്ധ്രയിലെ കര്‍ഷക സമുദായമായ കാപുകള്‍ സംസ്ഥാനത്തെ തീരജില്ലകളിലെ പ്രബലരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.