ജുമാ മസ്ജിദ് സ്ഫോടനം: മൂന്നു പേര്‍ക്കെതിരെക്കൂടി കുറ്റപത്രം

ന്യൂഡല്‍ഹി: 2010 സെപ്റ്റംബര്‍ 19ന് ഡല്‍ഹി ജുമാ മസ്ജിദിനു സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ മൂന്നുപേര്‍ക്കെതിരെക്കൂടി ഡല്‍ഹി പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തു. ഇവര്‍ നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍െറ ആളുകളാണെന്ന് പൊലീസ് പറഞ്ഞു. സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ് സയീദി എന്നിവര്‍ക്കെതിരെയാണ് അഡീഷനല്‍ ജഡ്ജി റിതേഷ് സിങ്ങിന് മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആയുര്‍വേദ ഡോക്ടറായ അഫാഖ് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസിനെയും ഇഖ്ബാല്‍ ഭട്കലിനെയും പാകിസ്താനില്‍വെച്ച് കാണുകയും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. റിയാസില്‍നിന്നാണ് ഇന്ത്യയില്‍വെച്ച് അഫാഖ് സ്ഫോടകവസ്തുക്കള്‍ വാങ്ങിയത്. അഫാഖില്‍നിന്ന് വസ്തുക്കള്‍ സബൂര്‍ കൈപ്പറ്റി മംഗലാപുരത്തുള്ള മറ്റൊരാള്‍ക്ക് കൈമാറി.
റിയാസ് ഭട്കലിന്‍െറയും ഇന്ത്യന്‍ മുജാഹിദീന്‍ ആസൂത്രകനായ അഫീഫിന്‍െറയും നിര്‍ദേശമനുസരിച്ച് അഫാഫ് 2011ലെ മുംബൈ, 2012ലെ പുണെ, 2013ലെ ഹൈദരാബാദ് സ്ഫോടനങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ കൈമാറിയതായി ഡല്‍ഹി സ്പെഷല്‍ പൊലീസ് പറഞ്ഞു. ഐ.പി.സി, യു.എ.പി.എ തുടങ്ങി നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ഫെബ്രുവരി ഒമ്പതിന് കോടതി വാദംകേള്‍ക്കും. നേരത്തേ യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയും കുറ്റപത്രം നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.