ഇന്ത്യ–പാക് യുദ്ധ നായകന്‍ ലഫ്. ജനറല്‍ ജേക്കബ് അന്തരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിമോചനത്തിനായുള്ള 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്‍െറ കീഴടങ്ങലിലേക്ക് നയിച്ച തന്ത്രങ്ങളുടെ നായകന്‍ ലഫ്. ജനറല്‍ ജെ.എഫ്.ആര്‍ ജേക്കബ് (92) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍െറ അന്ത്യം ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. 1971 ലെ യുദ്ധസമയത്ത് ഇന്ത്യന്‍ സേനയുടെ കിഴക്കന്‍  കമാന്‍ഡിന്‍െറ മേധാവിയായിരുന്നു ജേക്കബ്. 1923ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജാക് ഫര്‍ജ് റാഫേല്‍ ജേക്കബ് ഇറാഖില്‍നിന്ന് ബംഗ്ളാദേശിലേക്ക് കുടിയേറിയ ജൂത കുടുംബാംഗമായിരുന്നു. രണ്ടാം ലോക യുദ്ധത്തിലും 1965ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.
18ാം വയസ്സില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന ജേക്കബ് വടക്കന്‍ ഇറാഖ്, ആഫ്രിക്ക, ബര്‍മ, സുമാത്ര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇംഗ്ളണ്ടിലും അമേരിക്കയിലും വിദഗ്ധ പരിശീലനം നേടി. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് ബ്രിഗേഡിയറായിരുന്ന ജേക്കബാണ് മരുഭൂമിയിലെ യുദ്ധതന്ത്രങ്ങള്‍ മെനയുകയും കരസേനയെ നയിക്കുകയും ചെയ്തത്. 1967ല്‍ മേജര്‍ ജനറലായി.
1971ലെ യുദ്ധമാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ചിറ്റഗോങും ഖുല്‍നയുമടക്കും കിഴക്കന്‍ പാകിസ്താനിലെ (ബംഗ്ളാദേശ്) നഗരങ്ങളിലേക്ക് ഇരച്ചുകയറാന്‍ സൈനിക മേധാവിയായിരുന്ന മനേക് ഷാ നിര്‍ദേശം നല്‍കിയപ്പോള്‍ ജേക്കബ് അതിനനുയോജ്യമായ യുദ്ധതന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. പാകിസ്താന്‍െറ വാര്‍ത്ത വിനിമയ കേന്ദ്രങ്ങള്‍ പിടിച്ചെടുത്തത് ജേക്കബിന്‍െറ യുദ്ധതന്ത്രം വഴിയായിരുന്നു. ഇതോടെയാണ് പാക് സൈന്യത്തിന് കീഴടങ്ങേണ്ടിവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.