കെജ്​രിവാളിനും രാഹുൽ ഗാന്ധിക്കും യെച്ചൂരിക്കുമെതിരെ ​രാജ്യദ്രോഹക്കേസ്​​

ഹൈദരാബാദ്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ജനതാദള്‍(യു) നേതാവ് കെ.സി. ത്യാഗി എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 124 എ പ്രകാരം കേസെടുത്തിരിക്കുന്നത്. തെലങ്കാനയിലെ  സൈബറാബാദിലുള്ള സരൂര്‍നഗറിലെ പൊലീസ് സ്റ്റേഷനില്‍ സി.ആര്‍.പി.സി 156 (മൂന്ന്) പ്രകാരം എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുപുറമെ, ഇപ്പോള്‍ ഡല്‍ഹി പൊലീസിന്‍െറ കസ്റ്റഡിയിലുള്ള ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തതായാണ് വിവരം.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, കനയ്യ കുമാറിനും മറ്റു വിദ്യാര്‍ഥികള്‍ക്കുമെതിരെ ഐ.പി.സി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് രാജ്യത്ത് വന്‍ വിവാദത്തിന് വഴിവെച്ചതിനു പിന്നാലെയാണ് സമാന വകുപ്പില്‍ വീണ്ടും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് കാലത്ത് എഴുതിച്ചേര്‍ത്ത വിവാദ വകുപ്പ്  ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശം ഇതിനകം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. നേരത്തെ, ജെ.എന്‍.യു വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് രാജ്യദ്രോഹക്കേസുകള്‍ ബി.ജെ.പി അനുകൂല അഭിഭാഷകര്‍ ഫയല്‍ ചെയ്തിരുന്നു. ഫെബ്രുവരി 17ന് അലഹബാദിലെയും വാരാണസിയിലെയും ജില്ലാ കോടതികളിലാണ് രണ്ട് അഭിഭാഷകള്‍ ചേര്‍ന്ന് പരാതി നല്‍കിയത്. ഇതില്‍ അലഹബാദിലേത് മാര്‍ച്ച് ഒന്നിനും വാരാണസിയിലേത് 12നും പരിഗണിക്കും. വാരാണസി കേസില്‍ രഹുലിന് പുറമെ, യെച്ചൂരി, ഡി. രാജ, കെ.സി. ത്യാഗി എന്നിവരെയും ചേര്‍ത്താണ് പരാതി.

അതിനിടെ, കനയ്യ കുമാറിന്‍െറ ജാമ്യ ഹരജി ഡല്‍ഹി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ഫെബ്രുവരി 24ന് കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലൂം കസ്റ്റഡി നീട്ടണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.