പച്ചമുത്തുവിന്‍െറ മോചനത്തിന് 69 കോടി കെട്ടിവെക്കാമെന്ന് എസ്.ആര്‍.എം ഗ്രൂപ്

ചെന്നൈ: മെഡിക്കല്‍ പ്രവേശ തട്ടിപ്പിന് ഇരയായ വിദ്യാര്‍ഥികളുടെ നഷ്ടപ്പെട്ട പണം തിരികെ നല്‍കാന്‍ 69 കോടി രൂപ മദ്രാസ് ഹൈകോടതിയില്‍ കെട്ടിവെക്കാന്‍ തയാറാണെന്ന് കേസില്‍ അറസ്റ്റിലായ എസ്.ആര്‍.എം ഗ്രൂപ് ചെയര്‍മാന്‍ ടി.ആര്‍. പച്ചമുത്തുവിന്‍െറ മകന്‍ കോടതിയെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ സിനിമാ നിര്‍മാതാവ് എസ്. മദന്‍െറ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കവെയാണ് എസ്.ആര്‍.എം ഡയറക്ടര്‍മാരായ പി. രവി പച്ചമുത്തു, പി. സത്യനാരായണ എന്നിവര്‍ ഉറപ്പുനല്‍കിയത്.

മദന്‍െറ തിരോധാനകേസില്‍ പച്ചമുത്തുവും പ്രതിയാണ്. എസ്.ആര്‍.എം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശം ലഭിക്കാന്‍ ചാന്‍സലര്‍ കൂടിയായ പച്ചമുത്തുവിന്‍െറ നിര്‍ദേശ പ്രകാരം  അറുപത് ലക്ഷം രൂപാ മദന് നല്‍കിയതായി പത്ത് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. നൂറ്റിപതിനൊന്ന് വിദ്യാര്‍ഥികളില്‍നിന്ന് 75 കോടി തട്ടിയെടുത്ത കേസില്‍ പച്ചമുത്തുവിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കെട്ടിവെക്കുന്ന പണത്തിന്‍െറ ഉറവിടം സംബന്ധിച്ച് വ്യക്തത വേണമെന്ന് ജസ്റ്റിസുമാരായ എസ്. നാഗമുത്തു, വി. ഭാരതിദാസന്‍ എന്നിവര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട പണം എസ്.ആര്‍.എം ഗ്രൂപ്പില്‍നിന്ന് തിരികെപിടിക്കണമെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അല്ളെങ്കില്‍, പ്രവേശംനല്‍കാന്‍ ഉത്തരവിടണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. ഇതിനിടെ, പച്ചമുത്തുവിന് ജാമ്യാപേക്ഷയുമായി മകന്‍ മറ്റൊരു ഹരജി മദ്രാസ് ഹൈകോടതിയില്‍ നല്‍കി. പണം കെട്ടിവെക്കുന്ന മുറക്ക് പച്ചമുത്തുവിന് ജാമ്യം നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.

കേസ് കേള്‍ക്കുന്ന സെയ്ദാപേട്ട് കോടതിയില്‍  പച്ചമുത്തുവിനെ ഹാജരാക്കി. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ജാമ്യം അനുവദിച്ചില്ല. ചോദ്യംചെയ്യാന്‍ അഞ്ചുദിവസം പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് പകല്‍ മാത്രം ചോദ്യംചെയ്യാന്‍ അനുമതി നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.