ശിരുവാണി ഡാമിനെതിരെ ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈ: ശിരുവാണിപ്പുഴക്ക് കുറുകെ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതി. അഗളി വില്ളേജിലെ ചിറ്റൂരില്‍ ഡാം നിര്‍മിക്കാന്‍ കേന്ദ്രം ഉപാധികളോടെ അനുമതി നല്‍കിയത് തമിഴ്നാടിന്‍െറ താല്‍പര്യങ്ങള്‍ പരിഗണിക്കാതെയാണെന്ന് പ്രധാനമന്ത്രിക്ക്  അയച്ച കത്തില്‍ ജയലളിത ചൂണ്ടിക്കാട്ടി. ശിരുവാണിയിലെ വെള്ളം ഒഴുകിയത്തെുന്ന ഭവാനി നദിയിലും ഭവാനിസാഗര്‍ അണക്കെട്ടിലും ജലത്തിന്‍െറ അളവ് കുറയാന്‍ അണക്കെട്ട് കാരണമാകും. ഭവാനി നദി ഒഴുകുന്ന കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ കൃഷികുടിവെള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കും.

ഡാം വരുന്നതോടെ ഭവാനി നദി വറ്റിവരളാന്‍ സാധ്യതയുണ്ട്. മുമ്പ് പലപ്രാവശ്യം ഈ ആവശ്യം കേന്ദ്രസര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അണക്കെട്ടിനുള്ള അനുമതി പിന്‍വലിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടു. അണക്കെട്ട് നിര്‍മിക്കാന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി കേരളത്തിന് ഉപാധികളോടെ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വൈദ്യുതി ഉല്‍പാദനവും അട്ടപ്പാടിയിലെ അയ്യായിരത്തോളം ഏക്കര്‍ കാര്‍ഷിക മേഖലക്ക് ജലലഭ്യതയും വിഭാവനം ചെയ്യുന്നതാണ് നിര്‍ദിഷ്ട അട്ടപ്പാടി വാലി ഇറിഗേഷന്‍ ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതി. എഴുപതുകളില്‍ തയാറാക്കിയ പദ്ധതി തമിഴ്നാടിന്‍െറ എതിര്‍പ്പുമൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

തമിഴ്നാടിന് വാദങ്ങള്‍ നിരത്താന്‍ നിരവധി തവണ അവസരം നല്‍കിയിട്ടും അവര്‍ ഹാജരാകാതെ വന്നതോടെയാണ് വിദഗ്ധ സമിതിയുടെ തീരുമാനം കേരളത്തിന് അനുകൂലമായത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിന് 2.29 ഘനയടി വെള്ളം സംഭരിക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും സാധിക്കും.
കേരളത്തിന്‍െറ നീക്കം തടയുന്നതില്‍ കേന്ദ്രതമിഴ്നാട് സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായി ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി കുറ്റപ്പെടുത്തി. ജയലളിത സര്‍ക്കാറിന്‍െറ പരാജയമാണിതെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ഡാം നിര്‍മാണം തടയണമെന്ന് ടി.എം.സി അധ്യക്ഷന്‍ ജി.കെ. വാസന്‍, എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈകോ, പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് എന്നിവര്‍ ആവശ്യപ്പെട്ടു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിര്‍ദിഷ്ട പദ്ധതിക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.