കശ്​മീർ സംഘര്‍ഷത്തിന് അറുതിയില്ലാതെ 50ാം ദിനവും

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമ്പോഴും കശ്മീരില്‍ വെടിയൊച്ച നിലച്ചിരുന്നില്ല. പുല്‍വാമയില്‍ ഒരു പൊലീസുകാരന്‍ അജ്ഞാത ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍, കല്ളെറിഞ്ഞ പ്രക്ഷോഭകരെ സൈന്യം തുരത്തുന്നതിനിടെ കഴിഞ്ഞദിവസം ഝലം നദിയില്‍ വീണുമരിച്ച യുവാവിന്‍െറ മൃതദേഹവും കണ്ടുകിട്ടി. ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ തന്നെയായിരുന്നു താഴ്വരയില്‍ ഇരുവരുടെയും സംസ്കാരവും.

ജൂലൈ ഒമ്പതിനാണ് താഴ്വരയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്നുതുടങ്ങിയ സംഘര്‍ഷം 50 ദിനം പിന്നിട്ടു. ഇതിനകം 68 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. എവിടെയും  കര്‍ഫ്യൂവും നിയന്ത്രണങ്ങളും നിരോധാജ്ഞയും. അതിനിടെ ശനിയാഴ്ച വിഘടനവാദികള്‍, സുരക്ഷാസേന കശ്മീര്‍ വിടണമെന്ന അഭ്യര്‍ഥനയുമായി രംഗത്തത്തെി. താഴ്വരയിലെ മുഴുവന്‍ സൈനിക പോസ്റ്റുകളിലേക്കും മാര്‍ച്ച് ചെയ്ത് സൈന്യം കശ്മീര്‍ വിടണമെന്ന ആവശ്യമുന്നയിക്കുന്ന കത്ത് ജനറല്‍ ഓഫിസര്‍ കമാന്‍ഡിന് കൈമാറുക എന്നതായിരുന്നു സമരരീതി. എന്നാല്‍, ശ്രീനഗറിനെ പൂര്‍ണമായും  ബന്ദവസ്സിലാക്കി സൈന്യം സമരത്തെ നിര്‍വീര്യമാക്കി. സൈനിക കേന്ദ്രങ്ങള്‍ക്ക് അടുത്തേക്ക് വരരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

വീട്ടുതടങ്കല്‍ ലംഘിച്ച് മാര്‍ച്ചിനൊരുങ്ങിയ ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ കരുതല്‍ തടങ്കലിലാക്കി. ഹുര്‍റിയത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെയും കഴിഞ്ഞദിവസം തടങ്കലിലാക്കിയിരുന്നു. അതേസമയം, 49 ദിവസത്തിനുശേഷം അനന്ത്നാഗ് ടൗണില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍, ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. ശ്രീനഗര്‍ ജില്ലയിലും തെക്കന്‍ കശ്മീരിലെ പുല്‍വാമ, പാംപോര്‍ പട്ടണങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. പുല്‍വാമയിലാണ് ഭീകരരുടെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബ്ള്‍ ഖുര്‍ശിദ് അഹ്മദ് ഗനായ് കൊല്ലപ്പെട്ടത്. കോയിലിലുള്ള സ്വന്തം വീടിനു സമീപത്തുവെച്ച് ശനിയാഴ്ച രാവിലെയാണ് അജ്ഞാത ഭീകരരുടെ വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനവാസ് ഖതനയുടെ മൃതദേഹമാണ് അനന്ത്നാഗ് ജില്ലയിലെ ഝലം നദിയില്‍ കണ്ടത്തെിയത്. ശനിയാഴ്ച രാവിലെ സുരക്ഷാസൈനികര്‍ക്കു നേരെ കല്ളെറിഞ്ഞ യുവാക്കളെ സൈന്യം ഓടിച്ചപ്പോള്‍ വെള്ളത്തില്‍വീണാണ് ഷാനവാസ് മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

                                      സംഘർഷത്തി​​െൻറ നാൾവഴി

ജൂണ്‍ എട്ട്: തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു.
ജൂലൈ ഒമ്പത്: 12 പ്രതിഷേധക്കാര്‍ സുരക്ഷാസേനയാല്‍ കൊല്ലപ്പെട്ടു.
ജൂലൈ 12: പ്രധാനമന്ത്രി കശ്മീര്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു.
ജൂലൈ 15: പത്രസ്ഥാപനങ്ങളുടെ പ്രിന്‍റിങ് പ്രസുകളില്‍ റെയ്ഡ്. അഞ്ചു ദിവസം പ്രാദേശിക ദിനപത്രങ്ങള്‍ ഇറങ്ങിയില്ല
ജൂലൈ 21:  ശ്രീനഗറില്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം.
ജൂലൈ 26: പെല്ലറ്റ് ഗണിന് ബദല്‍ കണ്ടത്തൊന്‍ കേന്ദ്രത്തിന്‍െറ വിദഗ്ധസംഘം
ആഗസ്റ്റ് എട്ട്: നിയന്ത്രണരേഖക്കടുത്ത് പാകിസ്താന്‍െറ അതിര്‍ത്തിരക്ഷാസംഘം നടത്തിയ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫുകാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു
ആഗസ്റ്റ് 12: കശ്മീരില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം.
ആഗസ്റ്റ് 14: കശ്മീരില്‍ പലയിടത്തും പാകിസ്താന്‍ കൊടികള്‍ ഉയര്‍ന്നു.
ആഗസ്റ്റ് 15: ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് കമാന്‍ഡന്‍റും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ആഗസ്റ്റ് 16: സംഘര്‍ഷത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെടുന്നു
ആഗസ്റ്റ് 18: പുല്‍വാമയിലെ ഖ്ര്യൂവില്‍ സുരക്ഷാസേന കോളജ് ലെക്ചററെ അടിച്ചുകൊല്ലുന്നു. സൈന്യം അന്വേഷണത്തിന് ഉത്തരവിടുന്നു
ആഗസ്റ്റ് 21: പ്രതിപക്ഷ നേതാക്കള്‍ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണുന്നു.
ആഗസ്റ്റ് 21: അക്രമമുണ്ടാക്കുന്നവരുമായി ഒത്തുതീര്‍പ്പിന് തയാറല്ളെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ജമ്മുവില്‍ റാലിയില്‍ പറഞ്ഞു
ആഗസ്റ്റ് 22: സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ചര്‍ച്ച അനിവാര്യമാണെന്ന് പ്രധാനമന്ത്രി. കശ്മീര്‍ പ്രശ്നത്തിന് ഭരണഘടന അനുവദിക്കുന്ന സ്ഥിരപരിഹാരം വേണമെന്നും മോദി.
ആഗസ്റ്റ് 22: 12 വര്‍ഷത്തിനുശഷം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രീനഗറില്‍ ബി.എസ്.എഫ്
ആഗസ്റ്റ് 25: പെല്ലറ്റ് ഗണ്‍ ഒഴിവാക്കുമെന്ന് ശ്രീനഗറില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാജ്നാഥ് സിങ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.