അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാട്: രേഖകള്‍ ലഭ്യമല്ളെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡുമായി നടന്ന വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടിന്‍െറ രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ളെന്ന വിചിത്ര മറുപടിയുമായി പ്രതിരോധ മന്ത്രാലയവും വ്യോമസേനയും. കോഴ വിവാദത്തില്‍പെട്ട ഇടപാടിന്‍െറ രേഖകള്‍ തേടിയുള്ള വിവരാവകാശ അപേക്ഷക്കാണ് അധികൃതര്‍ ഇങ്ങനെ മറുപടി നല്‍കിയത്. 3600 കോടിയുടെ ഇടപാടിന്‍െറ രേഖകള്‍ വ്യോമസേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്‍െറയും പക്കലാണ് വേണ്ടത്. ഇടപാട് വിവാദമായതോടെ കേസന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. കോപ്ടറിന്‍െറ വില നിശ്ചയിച്ച മാനദണ്ഡം, ഫയല്‍ കുറിപ്പുകള്‍ തുടങ്ങിയവ  ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലാണ് അപേക്ഷ നല്‍കിയത്. വില നിശ്ചയിക്കാനായി ചേര്‍ന്ന കമ്മിറ്റിയുടെ തീരുമാനങ്ങളും മറ്റും ഇതോടൊപ്പം ആവശ്യപ്പെട്ടിരുന്നു.  വിവരങ്ങള്‍ കൈമാറാനായി ജൂണ്‍ 16ന് പ്രതിരോധ മന്ത്രാലയം ഈ അപേക്ഷ എയര്‍ഫോഴ്സിന് കൈമാറി.

അപേക്ഷയില്‍ ചോദിച്ച പ്രകാരമുള്ള വിവരങ്ങള്‍  ലഭ്യമല്ളെന്ന മറുപടിയാണ് എയര്‍ഫോഴ്സ് ആസ്ഥാനത്തുനിന്ന് അപേക്ഷകന് കിട്ടിയത്. ഹെലികോപ്ടര്‍ ഇടപാട് വിവാദം കഴിഞ്ഞ മേയ് ആറിന് ലോക്സഭയില്‍  ചര്‍ച്ചക്ക് വന്നപ്പോള്‍ ഇതുസംബന്ധിച്ച നിരവധി രേഖകള്‍ പരാമര്‍ശിച്ചാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ മറുപടി നല്‍കിയത്. അപ്പോള്‍ ഉണ്ടായിരുന്ന രേഖകള്‍ പിന്നീട് എവിടെപ്പോയി എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗിയടക്കം 13 പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടപാട് സംബന്ധിച്ച നിരവധി രേഖകള്‍ സി.ബി.ഐ ശേഖരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.