ദഹി ഹന്ദി ഫെസ്റ്റിവല്‍: സുപ്രീം കോടതി ലക്ഷ്മണരേഖ കടക്കരുതെന്ന് ശിവസേന

മഹാരാഷ്ട്ര: ദഹി ഹന്ദി ഫെസ്റ്റിവലുമായി ബന്ധപ്പെട്ട  വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ ഭീഷണിയുമായി ശിവസേന രംഗത്ത്. വിഷയത്തില്‍ സുപ്രീംകോടതി ലക്ഷ്മണ രേഖ കടക്കരുതെന്ന​ താക്കീതാണ്​ മുഖപത്രമായ സാമ്നയിലുള്ളത്​.

ഗണേശോത്സവം, ദഹി ഹന്ദി, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്‍െറ ഭാഗമാണെന്നും കോടതി ഇക്കാര്യത്തില്‍ അമിതമായി കൈകടത്തരുതെന്നും മുഖപ്രസംഗത്തിലുണ്ട്. കോടതിയല്ല രാജ്യം ഭരിക്കേണ്ടത്.  ഇവിടെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സര്‍ക്കാരുണ്ട്. സര്‍ക്കാരിനറിയാം ഏതാണ് ശരിയെന്നും തെ​റ്റെന്നും. ഇതിനെ പൊളിക്കാനോ ജനാധിപത്യത്തെ കൊലചെയ്യാനോ കോടതി ശ്രമിക്കരുത്. ഹിന്ദുക്കളുടെ ആചാരങ്ങളും ആഘോഷങ്ങളും പതിവു പോലെ നടക്കും. ഇത് തടയാന്‍ ശ്രമിച്ചാല്‍ അവരെ നേരിടാന്‍ ശിവസേന മുമ്പിലുണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ദഹി ഹന്ദി ആഘോഷത്തിന്‍െറ ഭാഗമായുള്ള  മനുഷ്യ പിരമിഡിന് 20 അടിയില്‍ കൂടുതല്‍ ഉയരമുണ്ടാകരുതെന്ന സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആഘോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പങ്കെടുക്കരുതെന്നും കോടതിയുത്തരവിലുണ്ട്​.


മഹാരാഷ്ട്ര സര്‍ക്കാറാണ് മനുഷ്യ പിരമിഡിന്‍്റെ ഉയരം സംബന്ധിച്ച കാര്യത്തില്‍ കൃത്യത വേണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് മൂന്നിന് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ബോംബെ ഹൈകോടതി മനുഷ്യ പിരമിഡിന് 20 അടിയില്‍ കുടുതല്‍ ഉയരം പാടില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

വിഷയത്തില്‍ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന്​ കാണിച്ച് സാമൂഹിക പ്രവര്‍ത്തക സ്വാതി പട്ടീലും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബോംബെയില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ കൊണ്ടാടുന്ന ആഘോഷമാണ് ദഹി ഹന്ദി. മനുഷ്യ പിരമിഡുകള്‍ നിര്‍മ്മിച്ച് തൈര് നിറച്ച് കെട്ടിയ കുടം പൊട്ടിക്കുന്നതാണ് ചടങ്ങ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.