ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി കൂടിയായ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിനെതിരെ കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കരസേനാ മേധാവിയായിരിക്കെ, വി.കെ. സിങ് അകാരണമായി തന്‍െറ സ്ഥാനക്കയറ്റം തടഞ്ഞുവെന്നും ഏകപക്ഷീയമായി കുറ്റം ചുമത്തി ശിക്ഷിച്ചുവെന്നുമാണ് സത്യവാങ്മൂലം.
ദല്‍ബീര്‍ സിങ്ങിനെ കരസേനാ മേധാവിയാക്കിയതിനെതിരെ റിട്ട. ലെഫ്. ജനറല്‍ രവി ദസ്താനെ നല്‍ഹിയ ഹരജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം. വി.കെ. സിങ്ങിന്‍െറ പിന്‍ഗാമിയായി 2012ല്‍ കരസേനാ മേധാവിയായ റിട്ട. ജനറല്‍ ബിക്രം സിങ്ങിന് ശേഷം താനായിരുന്നു കരസേനാ മേധാവി ആകേണ്ടിയിരുന്നതെന്നും ബിക്രം സിങ്, ദല്‍ബീര്‍ സിങ്ങിനെ വഴിവിട്ട് പ്രമോഷന്‍ നല്‍കിയതിനാല്‍ തന്‍െറ അവസരം നഷ്ടമായെന്നുമാണ് രവി ദസ്താനെയുടെ ഹരജിയില്‍ പറയുന്നത്.
ബിക്രം സിങ് തന്നെ സഹായിക്കുകയല്ല, മറിച്ച്, വി.കെ. സിങ് തന്നോടുകാണിച്ച അന്യായം തിരുത്തുകമാത്രമാണ് ചെയ്തതെന്നാണ് ദല്‍ബീര്‍ സിങ്ങിന്‍െറ വാദം. ഇക്കാര്യം വിശദീകരിക്കുന്നതിനായി നല്‍കിയ സത്യവാങ്മൂലത്തിലാണ് വി.കെ. സിങ് ചെയ്ത കാര്യങ്ങള്‍ ദല്‍ബീര്‍ സിങ് പറയുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണെങ്കിലും മന്ത്രിയും കരസേനാ മേധാവിയും തമ്മിലുള്ള പോര് കേന്ദ്രത്തെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.