വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ ലണ്ടനിലേക്ക് വെട്ടിച്ചുകടന്ന വ്യവസായി വിജയ് മല്യയുടെ എം.പി സ്ഥാനം തെറിക്കുന്നു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്‍റിന്‍െറ സദാചാര സമിതി വൈകാതെ ശിപാര്‍ശ ചെയ്യും. ഇനി സാങ്കേതികമായ നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ മതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 പൊതുമേഖലാ ബാങ്കുകളെ മാത്രമല്ല, കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തെയും കബളിപ്പിച്ച് മുങ്ങിയ മല്യയുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്രം പിന്‍വലിച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് പലവട്ടം ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ കൂട്ടാക്കാത്ത മല്യക്കെതിരെ മുംബൈ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
രാജ്യസഭയുടെ സദാചാര സമിതിയില്‍ സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ മല്യക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. മേയ് മൂന്നിന് സദാചാര സമിതി വീണ്ടും യോഗം ചേരും. തുടര്‍ന്ന് സമിതിയുടെ ശിപാര്‍ശ രാജ്യസഭക്ക് നല്‍കും. എം.പി സ്ഥാനത്തിന് വാദിക്കാന്‍ മല്യ ഇന്ത്യയില്‍ വരില്ളെന്ന് വ്യക്തമാണ്. രാജ്യസഭാംഗത്വം മിക്കവാറും പോയിക്കഴിഞ്ഞുവെന്നാണ് സമിതിയിലെ അംഗമായ ജനതാദള്‍-യു നേതാവ് ശരദ് യാദവ് പറഞ്ഞത്. ഇക്കാര്യത്തില്‍ സമിതിക്ക് ഏകാഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യരാജാവും കിങ്ഫിഷര്‍ വിമാനക്കമ്പനി ഉടമയുമായ 60കാരനായ വിജയ് മല്യ കര്‍ണാടകത്തില്‍നിന്ന് വിവിധ പാര്‍ട്ടികളുടെ വോട്ട് നേടി 2010ലാണ് രാജ്യസഭയില്‍ എത്തിയത്. ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് തൊട്ടുതലേന്ന്, മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് അധികൃതര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ലണ്ടനിലേക്ക് പറന്ന മല്യ അതിനു തയാറായില്ല.
ബാങ്കുകളില്‍നിന്നെടുത്ത വായ്പയില്‍ പകുതിയും ഇന്ത്യയിലെ വ്യവസായ നടത്തിപ്പിനല്ല, വിദേശത്ത് ആസ്തി വാങ്ങിക്കൂട്ടാനാണ് മല്യ ചെലവിട്ടതെന്ന് അധികൃതര്‍ ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, മറ്റു സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവക്ക് മല്യയെ ബ്രിട്ടനില്‍നിന്ന് ഇന്ത്യയില്‍ കൊണ്ടുവരാന്‍ നിയമപരമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
അതേസമയം, മല്യയെ കോടതി നടപടികള്‍ക്ക് വിധേയനാക്കാന്‍ പാകത്തില്‍ ഇന്ത്യയില്‍ എത്തിക്കുക എളുപ്പമാകില്ല. ലണ്ടനില്‍ സുഖവാസം നടത്തുന്ന മല്യയില്‍നിന്ന് ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ട ഭീമമായ സംഖ്യ എങ്ങനെ തിരിച്ച് ഈടാക്കുമെന്ന പ്രശ്നം ഇതിനിടയില്‍ ബാക്കിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.