പാനമ രേഖകൾ: ബച്ചൻ 'ഇൻക്രഡിബ്ൾ ഇന്ത്യ'യുടെ അംബാസഡറാകുന്നത് വൈകും

ന്യൂഡൽഹി: നടൻ അമിതാഭ് ബച്ചൻ കേന്ദ്ര സർക്കാറിൻെറ വിനോദസഞ്ചാര കാമ്പയിനായ 'ഇൻക്രഡിബ്ൾ ഇന്ത്യ'യുടെ ബ്രാൻഡ് അംബാസഡറാകുന്നത് വൈകും. കള്ളപ്പണക്കാരുടെതായി പുറത്തുവന്ന പാനമ രേഖകളിൽ പേരുള്ളതിനാലാണ് ബച്ചൻെറ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസർക്കാർ വൈകിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ ഔദ്യോഗികമായ തീരുമാനം പുറത്തുവന്നിട്ടില്ല. ഈ മാസം തന്നെ ബച്ചൻെറ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കള്ളപ്പണ ആരോപണത്തിൽ ബച്ചൻ നിരപരാധിത്വം തെളിയിച്ചതിന് ശേഷമെ സർക്കാർ തീരുമാനം ഉണ്ടാകൂ. അതേസമയം, പാനമ പേപ്പേഴ്സിൽ പേരുവന്നതും ബച്ചൻെറ നിയമനവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ചില കേന്ദ്രങ്ങൾ തരുന്ന വിശദീകരണം.

നടൻ ആമിർ ഖാനെ മാറ്റിയതിനെ തുടർന്നാണ് ഇൻക്രഡിബ്ൾ ഇന്ത്യക്കായി പുതിയ അംബാസഡറെ കേന്ദ്ര സർക്കാർ തേടിയത്. അസഹിഷ്ണുതാ വിവാദത്തിൽ അഭിപ്രായം പറഞ്ഞതിനെ തുടർന്നായിരുന്നു ആമിർ ഖാൻെറ സ്ഥാനം തെറിച്ചത്.

അടുത്തിടെ പുറത്തായ കള്ളപ്പണക്കാരുടെ ലിസ്റ്റിലാണ് ബച്ചൻെറ പേരുള്ളത്. നാല് കമ്പനികളുടെ ഡയറക്ടർ സ്ഥാനം ബച്ചനുണ്ടെന്നാണ് പട്ടികയിൽ വെളിപ്പെട്ടത്. മരുമകളും നടിയുമായ ഐശ്വര്യാ റായിയുടെ പേരും പട്ടികയിലുണ്ട്. എന്നാൽ തനിക്ക് കള്ളപ്പണ നിക്ഷേപമില്ലെന്നാണ് ബച്ചൻെറ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.