രജനീകാന്ത് തമിഴനല്ലെന്ന് വിജയകാന്ത്; താരയുദ്ധത്തിന്‍റെ അണിയറവിശേഷങ്ങൾ

ചെന്നൈ: വെള്ളിത്തിരയിലെ താരങ്ങളെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരാണ് തമിഴ്നാട്ടിലെ ജനത. തന്‍റെ താരദൈവത്തെക്കുറിച്ച്് ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും തമിഴ്മക്കൾക്കിടയിൽ വലിയ വികാരമാണ് ഉണർത്തുക. രജനീകാന്തിനെ പരിഹസിച്ചുകൊണ്ടുള്ള ക്യാപ്റ്റൻ വിജയകാന്തിന്‍റെ പ്രസംഗമാണ് ഇത്തവണ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ചെന്നൈയിലെ വില്ലിവാക്കത്തെ റാലിയിലാണ് തനിക്കാരേയും പേടിയില്ലെന്നും രാഷ്ട്രീയപാർട്ടികൾ ഭീഷണിപ്പെടുത്തിയാലുടനെ രജനീകാന്തിനെ പോലെ താൻ പിന്മാറില്ലെന്നും ഡി.എം.ഡി.കെ നേതാവ് ക്യാപ്റ്റൻ വിജയകാന്ത് പ്രസംഗിച്ചത്. അതേ പ്രസംഗത്തിൽ രജനീകാന്തിന്‍റെ തമിഴ് വേരുകളേയും വിജയകാന്ത് ചോദ്യം ചെയ്തു. തമിഴൻ എന്ന് അദ്ദേഹത്തെ വിളിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നും അവിടെ കൂടിയ ജനാവലിയോട് വിജയകാന്ത് ചോദിച്ചു.

തെലുഗു കുടുംബത്തിലാണെങ്കിലും മധുരയിലാണ് വിജയകാന്ത് ജനിച്ചുവളർന്നത്. എന്നാൽ പഴയ മൈസൂർ സ്റ്റേറ്റിൽ ഉൾപ്പെടുന്ന ഗെയ്ക്ക്വാദിൽ ജനിച്ച മറാത്തി കുടുംബക്കാരനായ രജനീകാന്തിന് എന്ത് തമിഴ് പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത് എന്നായിരുന്നു വിജയകാന്ത് ഉദ്ദേശിച്ചത്. പ്രസ്താവനയിൽ കോപാകുലരായ രജനീ ആരാധകർ ക്യാപ്റ്റന്‍റെ കോലം കത്തിച്ചു. പൊലീസെത്തുമ്പോഴേക്കും ഇവർ സ്ഥലം വിടുകയും ചെയ്തു.

കുറേക്കാലങ്ങളായി രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശം ആരാധകർ ആഗ്രഹിച്ചു കൊണ്ടിരിക്കുകയാണെങ്കിലും രാഷ്ട്രീയമായി നിലപാടെന്തെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാൻ രജനി ഇതുവരെ തയാറായിട്ടില്ല. 1996ൽ ഡി.എം.കെക്ക് ഒപ്പമാണ് എന്ന ധാരണ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ 2004 മുതൽ അദ്ദേഹം ബി.ജെ.പിയോട് അടുക്കുന്നു എന്നായിരുന്നു വാർത്തകൾ. 2014ൽ രജനീകാന്ത് ബി.ജെ.പിയിൽ ചേരുകയാണ് എന്ന അഭ്യൂഹം ശക്തമായി. 2014 പൊതുതെരഞ്ഞെടുപ്പിന് മുൻപ് നരേന്ദ്ര മോദിയുമായി രജനി കൂടിക്കാഴ്ച നടത്തിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടികൾക്കും പിടികൊടുക്കാത്ത നിലപാടാണ് രജനി സ്വീകരിച്ചത്. ഇത് ആരാധകരിൽ ആശയക്കുഴപ്പവും നിരാശയും സൃഷ്ടിക്കുകയും ചെയ്തു.

1996ൽ 25 അംഗങ്ങളുള്ള 40,000 രജനീകാന്ത് ഫാൻസ് യൂണിറ്റുകളാണുണ്ടായിരുന്നത്. ഇപ്പോഴത് 80,000 യൂണിറ്റെങ്കിലും ഉണ്ടായിരിക്കുമെന്നാണ് അനൗദ്യോഗിക കണക്ക്.  ഈ ആരാധകരെ ഡി.എം.ഡി.കെ ക്യാമ്പിലെത്തിക്കാനായി വിജയകാന്ത് മന:പ്പൂർവം സൃഷ്ടിച്ചെടുത്ത പ്രശ്നമാണ് ഇപ്പോഴത്തേതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. വിജയകാന്തിന്‍റെ ചോദ്യത്തിന് ഉത്തരം പറയാൻ നിർബന്ധിതനാവുന്നതോടെ രജനീകാന്തിന്‍റെ ദ്രാവിഡ മുഖംമൂടി പൊഴിഞ്ഞുവീഴുമെന്നും അത് തനിക്ക് ഗുണം ചെയ്യുമെന്നുമാണ് വിജയകാന്തിന്‍റെ വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.