ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ളാദേശിന്‍റെ തലസ്ഥാനമായ ധാക്കയില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു. തീവ്രവാദത്തിനെതിരായി എഴുതിയതിനാണ് നാസിമുദ്ദീന്‍ സമദ് എന്ന 28കാരനെ ആക്രമികള്‍ കൊലപ്പെടുത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച രാത്രി സുഹൃത്തുമൊത്ത് വീട്ടിലേക്ക് നടന്നു പോകവെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സമദിനെ  ആക്രമിക്കുകയും അതിനുശേഷം വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു. ഇവര്‍ സ്ഥലത്തുനിന്ന് കടന്നുകളയുന്നതിന് മുമ്പ് അല്ലാഹു അക്ബര്‍ എന്ന് പ്രതികള്‍ ഉച്ചത്തില്‍ പറഞ്ഞതായി സുത്രപൂര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ തപന്‍ കുമാര്‍ സാഹ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന്  പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല.

ധാക്കയിലെ ജഗന്നാഥ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായിരുന്ന സമദ് യുക്തിവാദിയായാണ് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പാകിസ്താനെതിരായി 1971ല്‍ നടന്ന യുദ്ധത്തിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച്  2013ല്‍ ആരംഭിച്ച ഗ്രൂപിന്‍റെ ഭാഗമായിരുന്നു സമദ്. ഇതിനു പുറമെ ബംഗബന്ധു ജാതീയ ജുബ പരിഷത് എന്ന സര്‍ക്കാര്‍ അനുകൂല ഗ്രൂപിലും ഭാഗഭാക്കായിരുന്നു. നിയമം പഠിക്കുന്നതിനായി രാജ്യത്തെ വടക്കു കിഴക്കന്‍ നഗരമായ സില്‍ത്തില്‍ നിന്ന് അടുത്തിടെയാണ് സമദ് ധാക്കയില്‍ എത്തിയത്. എന്നാല്‍, ഇവിടെ എത്തുന്നതിനു മുമ്പു തന്നെ ആക്രമികള്‍  ഇദ്ദേഹത്തെ നിരീക്ഷിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസിന്‍റെ നിഗമനം.

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സമദ് കൊല്ലപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ബംഗ്ളാദേശില്‍ അഞ്ച് ബ്ളോഗര്‍മാരും രണ്ട് പബ്ളിഷര്‍മാരും രണ്ട് വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് ഒരു സുഹൃത്തിനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല. കൊലയാളികള്‍ ആരായിക്കൊള്ളട്ടെ, ഞങ്ങള്‍ക്ക് നീതി ലഭിക്കണം- ഫേസ് ബുക്ക് പോസ്റ്റില്‍ സമദിന്‍റെ സുഹൃത്ത് ആസിഫ് സാസില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.