ജെ.ഇ.ഇ പരീക്ഷയില്‍ സമഗ്ര മാറ്റത്തിന് ശിപാര്‍ശ

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശ പരീക്ഷയായ ജെ.ഇ.ഇയില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അടിമുടി മാറ്റത്തിന് ശിപാര്‍ശ. നിലവില്‍ എന്‍.ഐ.ടികളിലെ പ്രവേശത്തിനുള്ള ജെ.ഇ.ഇ (മെയിന്‍) പരീക്ഷയും ഐ.ഐ.ടികളിലെ പ്രവേശത്തിനുള്ള ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷയും സംയോജിപ്പിച്ച് ഒറ്റപ്പരീക്ഷ നടത്തണമെന്നാണ് പ്രധാന ശിപാര്‍ശ. ജെ.ഇ.ഇ എഴുതാന്‍ വിദ്യാര്‍ഥികള്‍ യോഗ്യരാണോ എന്ന് പരിശോധിക്കുന്നതിന് നിര്‍ബന്ധ ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ, ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ പരിഗണിക്കേണ്ട തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. ഒഴിവു വരുന്ന സീറ്റുകളുടെ എണ്ണം കുറക്കുകയും വിദ്യാര്‍ഥികള്‍ കോച്ചിങ് സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയുമാണ് പരിഷ്കാരത്തിന്‍െറ ലക്ഷ്യം. മെഡിക്കല്‍ ബിരുദ-ബിരുദാനന്തര പ്രവേശത്തിന് രാജ്യം മുഴുവന്‍ ഒറ്റ പൊതുപരീക്ഷ മതിയെന്ന നിര്‍ദേശം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രഫ. അശോക് മിശ്രയുടെ നേതൃത്വത്തില്‍ ഐ.ഐ.ടി കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി ഓഫ് എമിനന്‍റ് പേഴ്സണ്‍സ് (സി.ഇ.പി) ആണ് 2017 മുതല്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ മുന്നോട്ടുവെച്ചത്. നിലവിലെ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷയുടെ മാതൃകയില്‍ നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന ഒറ്റ ജെ.ഇ.ഇ പരീക്ഷയിലേക്ക് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ നാലുലക്ഷം പേരെ തെരഞ്ഞെടുക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലെ പ്രാഗല്ഭ്യമായിരിക്കും പരീക്ഷയില്‍ അളക്കുക. 2016ലും 2017ലും രണ്ടു ഘട്ടങ്ങളായുള്ള ജെ.ഇ.ഇ പരീക്ഷ തന്നെയായിരിക്കും നടത്തുക.
എന്‍.ഐ.ടികള്‍, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടെന്നാണ് ശിപാര്‍ശ. 2016ല്‍ ജെ.ഇ.ഇ (മെയിന്‍) പരീക്ഷയില്‍ ബോര്‍ഡ് മാര്‍ക്കിന് വെയ്റ്റേജ് നല്‍കും. ഭാവിയില്‍ മാര്‍ക്ക് ഒഴിവാക്കിയാലും വിദ്യാര്‍ഥികള്‍ ബോര്‍ഡ് പരീക്ഷയെ അവഗണിക്കരുതെന്ന് ജെ.ഇ.ഇ മുന്‍ ചെയര്‍മാന്‍ പി.വി. ബാലാജി പറഞ്ഞു.
വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചി പരിശോധിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ വര്‍ഷത്തില്‍ പലതവണ നടത്തും. അഭിരുചി പരീക്ഷ നടത്താന്‍ 2016ല്‍ നാഷനല്‍ ടെസ്റ്റിങ് സര്‍വിസ് (എന്‍.ടി.എസ്) ഏര്‍പ്പെടുത്തണമെന്നും നവംബര്‍ അഞ്ചിന് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ഐ.ടികള്‍ക്കും ഐ.ഐ.ടികള്‍ക്കും പൊതുവായ കൗണ്‍സലിങ് തുടരും. നിലവില്‍ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് നേടുന്ന 1.5 ലക്ഷം പേര്‍ക്ക് എഴുതാന്‍ സാധിക്കുന്ന ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷക്ക് അടുത്ത വര്‍ഷങ്ങളില്‍ രണ്ടുലക്ഷം പേര്‍ക്ക് അവസരം നല്‍കണമെന്നും ശിപാര്‍ശയിലുണ്ട്.
ജെ.ഇ.ഇ പരീക്ഷ എളുപ്പമാക്കാന്‍ ഐ.ഐ.ടികള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാതൃകാ പരീക്ഷകള്‍ നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.