ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ട്രേഡ് യൂനിയനുകള്‍

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമീഷന്‍െറ റിപ്പോര്‍ട്ടില്‍ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധനയാണ് ഇത്തവണ ശിപാര്‍ശ ചെയ്യപ്പെട്ടതെന്നും പണപ്പെരുപ്പവുമായി യോജിക്കാത്ത വിധത്തിലാണിതെന്നും ബി.എം.എസും ഇടതുസംഘടനകളും ചൂണ്ടിക്കാട്ടി. ഉയര്‍ത്തിക്കാട്ടപ്പെട്ടതുപോലെ 23.55 ശതമാനം വര്‍ധന കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ ജീവനക്കാര്‍ക്ക് ലഭിക്കില്ളെന്നും അറ്റവരുമാനത്തില്‍ 16 ശതമാനം വര്‍ധന മാത്രമേ ഉണ്ടാകൂയെന്നും ബി.എം.എസ് ജനറല്‍ സെക്രട്ടറി വിരേഷ് ഉപാധ്യായ പറഞ്ഞു. ഇത് നിരാശാജനകമായതിനാല്‍ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലെ അന്തരവും വളരെ അധികമാണ്. 14.27 ശതമാനമാണ് അടിസ്ഥാനശമ്പളത്തില്‍ ശിപാര്‍ശചെയ്തിരിക്കുന്ന വര്‍ധന. ഇത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണ്. ആറാം പേ കമീഷന്‍ 20 ശതമാനമാണ് ശിപാര്‍ശ ചെയ്തിരുന്നത്. 2008ല്‍ ഇത് നടപ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ ഇരട്ടിയാക്കിയിരുന്നു. ഫിറ്റ്മെന്‍റ് ബെനിഫിറ്റ് വളരെ കുറവാണ്. പല അപാകങ്ങളും പരിഹരിച്ചിട്ടുമില്ല. ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തിയതിന്‍െറ പ്രയോജനം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കമീഷന്‍െറ നിര്‍ദേശങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് പ്രസിഡന്‍റ് കെ.കെ.എന്‍. കുട്ടി പറഞ്ഞു. അലവന്‍സുകള്‍ കുറച്ച ഏക കമീഷന്‍ റിപ്പോര്‍ട്ട് ഇത്തവണത്തേതാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് ജീവനക്കാരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ വര്‍ധനയാണിതെന്നും പണപ്പെരുപ്പം പരിഗണിച്ചാല്‍ ഇത് തൃപ്തികരമല്ളെന്നും എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. തൊഴിലാളികളോടുള്ള അനീതിയാണ് ശിപാര്‍ശകളെന്ന് സി.ഐ.ടി.യു പ്രസിഡന്‍റ് എ.കെ. പദ്മനാഭന്‍ പറഞ്ഞു. ഈ കണക്കുകളിലേക്ക് എങ്ങനെയാണ് കമീഷന്‍ എത്തിയതെന്നതില്‍ സംശയമുണ്ട്. എച്ച്.ആര്‍.എ ഏഴ് ശതമാനം നിര്‍ബന്ധമാണെന്നിരിക്കെ  മൂന്ന് ശതമാനമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മൂന്നുലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവകരുടെയും ലക്ഷക്കണക്കിന് കരാര്‍ ജീവനക്കാരുടെയും കാര്യത്തില്‍ ഒരു വ്യക്തതയുമില്ളെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എ.കെ. മാത്തൂര്‍ അധ്യക്ഷനായ കമീഷന്‍ വ്യാഴാഴ്ചയാണ് ശിപാര്‍ശകള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കൈമാറിയത്. ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.