ദലിത് യുവതി തയാറാക്കിയ ഭക്ഷണം അശുദ്ധം; കുട്ടികൾ സ്കൂൾ വിടുന്നു

ബംഗളുരു: 118 കുട്ടികളുള്ള കോലാർ സർക്കാർ സ്കൂളിൽ ഇപ്പോൾ അവശേഷിക്കുന്നത് 18 കുട്ടികൾ മാത്രമാണ്. പാചകക്കാരി ദലിത് യുവതിയായതിനാൽ അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ മടിച്ചാണ് കുട്ടികൾ സ്കൂൾ വിടുന്നതെന്നാണ് ആരോപണം. ദലിതയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദം കൂടുതൽ പണം ചെലവാക്കി സ്വകാര്യസ്കൂളിൽ ചേർക്കുകയാണ് എന്ന നിലപാടിലാണ് രക്ഷിതാക്കൾ.

കങ്കനഹള്ളി ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്കൂളിലെ വെറും അഞ്ചു കുട്ടികൾ മാത്രമാണ് താനുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതെന്ന് പാചകക്കാരി രാധമ്മ പറയുന്നു.

2014 െഫബ്രുവരിയിൽ സ്കൂളിൽ പാചകക്കാരിയായി ചേർന്നതു മുതൽ ഇതാണ് അവസ്ഥ. താൻ നൽകുന്ന പാൽ ഇവിടത്തെ കുട്ടികൾ കുടിക്കാറില്ല. താൻ തയാറാക്കുന്ന ഭക്ഷണം കഴിക്കാറുമില്ല. അവരോട് പറഞ്ഞിട്ടെന്ത് കാര്യം? മാതാപിതാക്കൾ അങ്ങനെയാണ് കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. കരഞ്ഞുകൊണ്ടാണ് രാധമ്മ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.

പ്രശ്നം പരിഹരിക്കാനായി സംസ്ഥാന വിദ്യാഭ്യാസവകുപ്പും ജില്ലാ അധികൃതരും, രക്ഷിതാക്കളോടും ഗ്രാമവാസികളോടും സംസാരിച്ചു. ഇതേ തുടർന്ന് ഒരു ദിവസം ഉച്ചഭക്ഷണത്തിന് കുട്ടികളും മാതാപിതാക്കളും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് കുട്ടികൾ മാത്രമാണ് ഉച്ചഭക്ഷണത്തിന് എത്തുന്നതെന്ന് രാധമ്മ പറഞ്ഞു.

എന്നാൽ, ജാതിവിവേചനം മൂലമല്ല കുട്ടികൾ സ്കളിൽ വരാത്തതെന്നും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമെന്നാണ് സ്കൂൾ മാനേജരായ വൈ.എം വെങ്കിടാചലപതിയുടെ വിശദീകരണം.

ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് തന്‍റെ മകനെ സ്വകാര്യസ്കൂളിൽ ചേർത്തെന്നും സ്കൂളിലേക്കുള്ള യാത്രക്ക് വേണ്ടിമാത്രം വർഷത്തിൽ 15,000 രൂപ ചെലവാകുമെന്നും രക്ഷിതാവായ സുബ്രഹ്മണി പറഞ്ഞു.

ഒത്തുതീർപ്പിനായി ബുധനാഴ്ച നടന്ന യോഗത്തിലും സ്കൂളിലെ ടീച്ചറേയും പാചകക്കാരിയേയും മാറ്റണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ മുന്നോട്ടുവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.