പൊലീസ്​ സ്​റ്റേഷനുകളുടെ കമ്പ്യൂട്ടർവത്കരണം: രണ്ടാം ഘട്ടത്തിന് 2000 കോടി

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ  കമ്പ്യൂട്ടർ ശൃംഖലയിൽ കണ്ണിചേർക്കുന്നതിനുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് പദ്ധതി രണ്ടാം ഘട്ടത്തിന് കേന്ദ്ര സർക്കാർ 2000 കോടി അനുവദിച്ചു. യു.പി.എ സർക്കാർ തുടങ്ങിയ പദ്ധതിയിൽ ഇതിനകം 11,600  പൊലീസ് സ്റ്റേഷനുകൾ കമ്പ്യൂട്ടർ ശൃംഖലയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് 15,000 ആയി ഉയർത്താനുള്ള രണ്ടാം ഘട്ട പദ്ധതിക്കാണ്  ബുധനാഴ്ച ചേർന്ന മന്ത്രിസഭാ ഉപസമിതി ഫണ്ട് അനുവദിച്ചത്.  

കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പൊലീസ് ഓഫിസർമാരുടെ 5000 ഓഫിസുകൾ  രണ്ടാംഘട്ടത്തിൽ കണ്ണിചേർക്കും.  2017 ആകുമ്പോഴേക്ക് എഫ്.ഐ.ആർ രജിസ്ട്രേഷൻ  മുഴുവൻ ഓൺലൈൻ ആക്കാനാണ് ലക്ഷ്യമിടുന്നത്. കോടതി, ഫോറൻസിക് ലാബ് എന്നിവയെയും കമ്പ്യൂട്ടർ ശൃംഖലയുടെ ഭാഗമാക്കും. ഇതുവഴി കേസന്വേഷണത്തിലും വിചാരണ നടപടികളിലുമുള്ള കാലതാമസം ഒഴിവാക്കാനാകും. എഫ്.ഐ.ആർ രജിസ്ട്രേഷൻ, അന്വേഷണ പുരോഗതി, കുറ്റപത്രം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ഓഫിസർമാർക്ക് രാജ്യത്തെവിടെയും പെട്ടെന്ന് ലഭിക്കും. ഇതോടെ, ഒരാളുടെ ക്രിമിനൽ പശ്ചാത്തലവും കേസുകളും സംബന്ധിച്ച വിവരങ്ങൾ പൊലീസ് ഓഫിസർക്ക് ശേഖരിക്കാനാകും. 

ഭാവിയിൽ  പാസ്പോർട്ട് വെരിഫിക്കേഷൻ, മറ്റ് ആവശ്യങ്ങൾക്കുള്ള പൊലീസ് ക്ലിയറൻസ് എന്നിവ വേഗത്തിലാക്കാൻ  ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  പൊലീസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനൊപ്പം കുറ്റവാളികളുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കാനും  അന്വേഷണം വേഗത്തിലാക്കാനും  ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് സഹായിക്കും.  പൊലീസിെൻറ ക്രിമിനൽ രേഖകളും കോടതിയും ഫോറൻസിക് ലാബുകളും ഉൾപ്പെട്ട ഇൻറഗ്രേറ്റഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്നതാണ്  കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നത്,  പൊലീസുകാർക്കെതിരായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക് ഭാവിയിൽ ജനകീയമാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. മോദി സർക്കാറിെൻറ സ്മാർട്ട് പൊലീസ്, ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് പൂർത്തിയാക്കുക.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.