ബംഗളൂരു: റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ (94) അന്തരിച്ചു. ബംഗളൂരുവിലെ മല്ലിക ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ നായര്‍ എട്ടുവര്‍ഷമായി ബംഗളൂരുവില്‍ മകളോടൊപ്പമായിരുന്നു താമസം.
ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ചേര്‍ന്ന് ഒൗദ്യോഗിക ജീവിതം തുടങ്ങിയ ശങ്കരന്‍ നായര്‍ 1968ലാണ് റോയുടെ ഭാഗമായത്. 1971ലെ ബംഗ്ളാദേശ് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശങ്കരന്‍ നായര്‍ 1977ല്‍ റോയുടെ രണ്ടാമത്തെ മേധാവിയായി ചുമതലയേറ്റു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് മൂന്നു മാസത്തിനുശേഷം രാജിവെച്ചു. 1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചത്തെിയശേഷം റോ അഴിച്ചുപണിയുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശങ്കരന്‍ നായര്‍ പ്രധാന പങ്ക് വഹിച്ചു. 1986 മുതല്‍ 88 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമീഷണറായി പ്രവര്‍ത്തിച്ചു.
പാകിസ്താന്‍ സൈന്യത്തെക്കുറിച്ചും രഹസ്യാന്വേഷണ സംവിധാനങ്ങളെക്കുറിച്ചും ശങ്കരന്‍ നായര്‍ക്ക് ഏറെ അറിവുണ്ടായിരുന്നു. ബംഗ്ളാദേശിലെ ഒളിപ്പോരാളികളെ സംഘടിപ്പിക്കാനും പരിശീലനം നല്‍കാനും മേല്‍നോട്ടം വഹിച്ചതും ശങ്കരന്‍ നായരാണ്.
ബംഗ്ളാദേശ് യുദ്ധകാലത്ത് കേണല്‍ മേനോന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. റോയുടെയും ഐ.ബിയുടെയും അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘ഇന്‍സൈഡ് ഐ.ബി ആന്‍ഡ് റോ: ദ റോളിങ് സ്റ്റോണ്‍ ദാറ്റ് ഗാതേഡ് മോസ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇന്ദിര. മകള്‍: ഡോ. സുചിത്ര. സംസ്കാരം ബംഗളൂരുവില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.