അമിത് ഷായുടെ പ്രസ്​താവന വിവാദമായി; പിന്നീട് തിരുത്തി

ന്യൂഡൽഹി: 60ാം വയസ്സിൽ വിരമിച്ചതിലൂടെ ജനസംഘം നേതാവ് നാനാജി ദേശ്മുഖ് രാഷ്ട്രീയത്തിൽ ഉദാഹരണമായെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന വിവാദമായി. ബിഹാറിലെ തോൽവിക്കെതിരെ പ്രതികരിച്ച എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, യശ്വന്ത് സിൻഹ, ശാന്തകുമാർ എന്നിവർക്കെതിരെ നടത്തിയ ഒളിയമ്പായി ഷായുടെ പരാമർശം മാറിയതോടെ ബി.ജെ.പി നേതൃത്വം ഇത് തിരുത്തി. ഉത്തർപ്രദേശിലെ ചിത്രകൂഠിൽ സദ്ഗുരു സേവാസംഘ് ആശുപത്രി ഉദ്ഘാടനം ചെയ്യവേയായിരുന്നു അമിത് ഷായുടെ പരാമർശം.

60 വയസ്സായാൽ ഒരാൾ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നും സാമൂഹികപ്രവർത്തനത്തിൽ വ്യാപൃതനാകണമെന്നുമുള്ളതിന് ലോകരാഷ്ട്രീയത്തിലെ ഉദാഹരണമാണ് നാനാജി ദേശ്മുഖ് എന്നായിരുന്നു ഷായുടെ പ്രസ്താവന. 60 വയസ്സായാൽ രാഷ്ട്രീയമുപേക്ഷിക്കണമെന്ന് ബി.ജെ.പിയിലെ മുതിർന്നനേതാക്കളെ ഓർമപ്പെടുത്തുകയായിരുന്നു അമിത് ഷാ എന്ന നിലയിലാണ് വാർത്തകൾ വന്നത്. ഷായുടെ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും പാർട്ടിയിലെ മുതിർന്നനേതാക്കൾക്കുള്ള മറുപടിയാണെന്നതരത്തിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ ബി.ജെ.പി കേന്ദ്ര ഓഫിസ് വാർത്താക്കുറിപ്പുമായി രംഗത്തുവരുകയായിരുന്നു.

നാനാജി ദേശ്മുഖിെൻറ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹികദർശനത്തെക്കുറിച്ചും മാത്രമാണ് അമിത് ഷാ സംസാരിച്ചതെന്നും മറ്റേതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നാനാജിയെക്കുറിച്ച് നടത്തിയ പ്രസ്താവന സന്ദർഭത്തിൽനിന്ന് വളച്ചൊടിച്ച് മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു. ഏതെങ്കിലും വ്യക്തി 60 വയസ്സ് കഴിഞ്ഞാൽ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. നാനാജി ജീവിതാവസാനംവരെ സാമൂഹികസേവനം നടത്തിയെന്നും ജീവിതത്തിെൻറ അവസാനകാലത്ത് ചിത്രകൂഠിൽതന്നെ താമസിച്ച് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി പ്രവർത്തിച്ചുവെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നും ബി.ജെ.പി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.