സി.പി.എം പ്ളീനം ഡിസംബര്‍ 27 മുതല്‍ 31വരെ

ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടിപ്ളീനം ഡിസംബര്‍ 27 മുതല്‍ 31വരെ കൊല്‍ക്കത്തയില്‍ നടക്കും. പ്ളീനത്തിന്‍െറ ലോഗോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശനംചെയ്തു. പ്ളീനത്തില്‍ ചര്‍ച്ചക്കുവെക്കേണ്ട സംഘടനാറിപ്പോര്‍ട്ട്, പ്രമേയം എന്നിവ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതിനുള്ള നാലുദിവസത്തെ കേന്ദ്ര കമ്മിറ്റി തുടരുകയാണ്. തിങ്കളാഴ്ച സമാപിക്കുന്ന കേന്ദ്രകമ്മിറ്റി സംഘടനാറിപ്പോര്‍ട്ടിനും പ്രമേയത്തിനും അന്തിമ രൂപംനല്‍കുമെന്ന് യെച്ചൂരി പറഞ്ഞു. 37 വര്‍ഷത്തിനുശേഷമാണ് സി.പി.എം പാര്‍ട്ടിപ്ളീനം ചേരുന്നത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും നേരിട്ട കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് പ്ളീനം വിളിച്ചുചേര്‍ത്ത് സംഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ സി.പി.എം തീരുമാനിച്ചത്. മാറ്റങ്ങള്‍ എങ്ങനെ, എത്രത്തോളം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്ളീനത്തില്‍ ചര്‍ച്ചചെയ്യുക. ഇതിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, പൊതുസമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടി നിയോഗിച്ച വിഗദ്ധസമിതികള്‍ പഠനം നടത്തി. പാര്‍ട്ടിഘടകങ്ങള്‍ ചോദ്യാവലി നല്‍കി അഭിപ്രായം  സമാഹരിക്കുകയും ചെയ്തു. ഇവയെല്ലാം ഉള്‍പ്പെടുത്തി കേന്ദ്രനേതൃത്വം തയാറാക്കിയ സംഘടനാറിപ്പോര്‍ട്ടും പ്രമേയവുമാണ് കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യുന്നത്. കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുന്ന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളില്‍ ചര്‍ച്ചക്ക് നല്‍കും. അവിടെനിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളില്‍ സ്വീകരിക്കേണ്ടതെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നവകൂടി ഉള്‍പ്പെടുത്തിയാകും സംഘടനാറിപ്പോര്‍ട്ടും പ്രമേയവും പ്ളീനത്തില്‍ അവതരിപ്പിക്കുക. കേരളത്തില്‍നിന്നുള്‍പ്പെടെ 465 പ്രതിനിധികളാണ് പ്ളീനത്തില്‍ പങ്കെടുക്കുന്നത്.
പ്ളീനത്തിന്‍െറ ഭാഗമായി ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍ വന്‍ റാലി സംഘടിപ്പിക്കും. റെഡ് വളന്‍റിയര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കും. പ്ളീനത്തിന്‍െറ മുന്നോടിയായി ബംഗാളില്‍ പ്രചാരണജാഥകളും മറ്റും ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്‍െറയും ബംഗാളിലെ തൃണമൂല്‍ സര്‍ക്കാറിന്‍െറയും അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധ നടപടികളും തുറന്നുകാട്ടുകയാണ് ജാഥയുടെ പ്രമേയമെന്ന് നേതാക്കള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.