ബിഹാർ മന്ത്രിസഭാപ്രവേശം: രാഹുൽ സംസ്​ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: വർഷങ്ങൾക്കുശേഷം ബിഹാറിൽ ഭരണപക്ഷത്ത് ഇടംകിട്ടിയ കോൺഗ്രസ് മന്ത്രിസഭയിൽ ചേരാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനനേതാക്കളുടെ അഭിപ്രായംതേടി. ശനിയാഴ്ച രാവിലെ ജനറൽ സെക്രട്ടറി പി.സി. ജോഷി, പി.സി.സി അധ്യക്ഷൻ അശോക് ചൗധരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന എം.എൽ.എമാരുടെ പഴയകാല വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ജയിക്കുമെന്നുറപ്പിച്ചിരുന്ന ചില മണ്ഡലങ്ങളിലെ തോൽവിയുടെ കാരണവും രാഹുൽ അന്വേഷിച്ചു. ജനതാദളിെൻറ മുഖ്യമന്ത്രിക്കും ആർ.ജെ.ഡിയുടെ ‘സൂപ്പർ മുഖ്യമന്ത്രി’ക്കും കീഴിൽ അപ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്നതിനെക്കാൾ ഭരണപക്ഷത്ത് നിലനിന്ന് പാർട്ടിയുടെ അടിത്തറ പുനർനിർമിക്കുന്നതാണ് നല്ലത് എന്നായിരുന്നു രാഹുലിെൻറ നിലപാട്.

മുതിർന്ന അംഗങ്ങളിലൊരാൾക്കായി സ്പീക്കർസ്ഥാനം ആവശ്യപ്പെടുന്നതിൽ തെറ്റില്ല എന്നും നിർദേശിച്ചിരുന്നു. എന്നാൽ, മന്ത്രിസഭയിൽ ചേർന്നേ തീരൂ എന്ന നിലപാടാണ് സംസ്ഥാനഘടകത്തിന്. കാത്തിരുന്നുലഭിച്ച വിജയത്തിെൻറ ആനുകൂല്യം പൂർണമായും ഉപയോഗപ്പെടുത്താനാണ് എം.എൽ.എമാർക്കും നേതാക്കൾക്കും താൽപര്യം. 27 എം.എൽ.എമാരുള്ള പാർട്ടിക്ക് അഞ്ചു മന്ത്രിസ്ഥാനങ്ങളാണ് ലഭിക്കുക. അത് ആരെല്ലാമായിരിക്കണം എന്നത് സംബന്ധിച്ച രണ്ടുവട്ട ചർച്ചകളും നടത്തിക്കഴിഞ്ഞു. സ്ഥാനാർഥിനിർണയം മുതൽ എല്ലാ വിഷയങ്ങളിലും സംസ്ഥാനഘടകത്തിന് രാഹുൽ നൽകിയ പൂർണ സ്വാതന്ത്ര്യം വിജയത്തിന് ഏറെ സഹായിച്ചെന്ന് അശോക് ചൗധരി പറഞ്ഞു.

നിതീഷ്–ലാലു മുന്നേറ്റത്തിനൊപ്പം നിന്നതിെൻറ ഗുണഫലമാണെങ്കിലും രാഹുൽ നേതൃനിരയിൽ എത്തിയശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വിജയമാണ് ബിഹാറിൽ കോൺഗ്രസിന് ലഭിച്ചത്. പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു സീറ്റിൽ ഒതുങ്ങിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.