അമിത് ഷായെ മാറ്റണമെന്ന് ബി.ജെ.പിയില്‍ ഒരുവിഭാഗം


ന്യൂഡല്‍ഹി: ബിഹാറിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷന്‍ അമിത് ഷായെ മാറ്റാന്‍ ബി.ജെ.പിയില്‍ ഒരുവിഭാഗം മുറവിളി തുടങ്ങിയതിനിടെ പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ നിയമസഭാ കാമ്പയിന്‍ മാറ്റിവെച്ചു. അടുത്തവര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നവംബര്‍ 30ന് തുടക്കമിടാനുള്ള തീരുമാനമാണ് മാറ്റിയത്. അതേസമയം, അച്ചടക്കനടപടി ഭീഷണി വകവെക്കാതെ വീണ്ടും വിമര്‍ശവുമായത്തെിയ ബിഹാര്‍ നേതാക്കള്‍ നേതൃമാറ്റവുമാവശ്യപ്പെട്ടു.
ബംഗാളിലെ കാമ്പയിന് തുടക്കമിട്ട് നവംബര്‍ 30ന് ‘ഉഠാന്‍ ദിവസ്’ എന്നപേരില്‍ നടത്താനിരുന്ന റാലിയാണ് മാറ്റിവെച്ചത്. ഡിസംബറില്‍ അമിത് ഷാ കാമ്പയിന് തുടക്കംകുറിക്കുമെന്നും ജനുവരിയോടെ പ്രധാനമന്ത്രിയും മറ്റുനേതാക്കളും പ്രചാരണത്തിനത്തെുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി. ബിഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ ഉയര്‍ന്ന കലാപത്തിന്‍െറ പശ്ചാത്തലത്തിലാണ് കാമ്പയിന്‍ മാറ്റിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ബിഹാര്‍ഫലം വരുന്നതിനുമുമ്പേ ബംഗാള്‍ പരിപാടി മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഒൗദ്യോഗികമായി ബി.ജെ.പി നേതൃത്വം അറിയിച്ചത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ദുര്‍ബലമായ പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രധാന പ്രതിപക്ഷമാകാമെന്ന മോഹത്തോടെ ബി.ജെ.പി നേതൃത്വം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ സമീപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ രണ്ടു മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച ബി.ജെ.പി ബിഹാറിലേതുപോലെ തങ്ങളുടെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനവാണുണ്ടാക്കിയത്. എന്നാല്‍, അയല്‍പക്കത്തെ കനത്ത തിരിച്ചടിയോടെ ബംഗാളിലെ കണക്കുകൂട്ടലുകളും പിഴക്കുമെന്ന ആധിയിലാണ് നേതൃത്വം. അതിനാല്‍, പ്രചാരണം തുടങ്ങുംമുമ്പെ പാര്‍ട്ടിയിലെ കലാപം അടങ്ങട്ടെ എന്ന നിലപാടിലാണ് അമിത് ഷായും മോദിയും.  
നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്തകുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടശേഷവും ശത്രുഘ്നന്‍ സിന്‍ഹ വിമര്‍ശം തുടര്‍ന്നു. തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍െറ നിലപാട് ആവര്‍ത്തിച്ചുതള്ളിയ ശത്രുഘ്നന്‍ സിന്‍ഹ തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കണ്ടത്തൊതെ ഓടിയൊളിക്കരുതെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അപമാനിതരാക്കുന്ന പരാജയത്തില്‍ ദുഃഖിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.