വിവാദങ്ങൾക്കിടയിൽ രാമേശ്വരത്ത് കലാമിന് സ്മാരകം ഉയരുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് രാമേശ്വരത്ത് സ്മാരകം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കലാമിന്‍റെ ഭൗതികദേഹം ഖബറടക്കിയ രാമേശ്വരത്തെ പേയ്കറുമ്പ് മൈതാനത്ത് തന്നെയാണ് സ്മാരകം നിര്‍മ്മിക്കുക.

കലാമിനെ അടക്കം ചെയ്ത സ്ഥലത്ത് നായകളും മറ്റു മൃഗങ്ങളും സ്വൈരവിഹാരം നടത്തുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് നിർമാണം വൈകുന്നതില്‍ കലാമിന്‍റെ കുടുംബവും പ്രതിഷേധിച്ചിരുന്നു. സ്മാരക നിർമാണത്തിന്‍റെ ഉത്തരവാദിത്വത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരുന്നതിനിടക്കാണ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷനെ (ഡി.ആർ.ഡി.ഒ) കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയത്. സ്മാരകം സ്ഥിതിചെയ്യുന്ന മൈതാനത്തിന് ചുറ്റുമതിൽ കെട്ടുകയായിരിക്കും ആദ്യ പ്രവൃത്തിയെന്ന് ഡി.ആർ.ഡി.ഒ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട് ഗവണ്‍മെന്‍റ് ഭൂമി തങ്ങള്‍ക്ക് കൈമാറാത്തതാണ് സ്മാരക നിര്‍മ്മാണത്തിന് തടസമെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വാദം. എന്നാൽ സ്ഥലം കേന്ദ്ര സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞതായി തമിഴ്‌നാട് പറയുന്നു. ഒന്നര ഏക്കര്‍ സ്ഥലമാണ് തമിഴ്നാട് കൈമാറിയത്. എന്നാല്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു രണ്ട് ഏക്കര്‍ സ്ഥലം കൂടി സ്മാരക നിര്‍മ്മാണത്തിനായി ആവശ്യപ്പെട്ടുകൊണ്ട് ജയലളിതക്ക് കത്തയച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.