ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം നിയമഭേദഗതിക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തമിഴ്നാടിന് പുതുവര്‍ഷ-പൊങ്കല്‍ സമ്മാനം എന്ന പേരില്‍  നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.   
ഓര്‍ഡിനന്‍സ് ഇറക്കിയാകും അനുമതി നല്‍കുക. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിയമഭേദഗതിയും കൊണ്ടുവരും. ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി നിരോധം ഏര്‍പ്പെടുത്തിയത്. തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. ദൈവപ്രീതിക്കായി ചെയ്യുന്ന ആരാധനയാണ് ജെല്ലിക്കെട്ടെന്നും അത് മുടങ്ങിയതിന്‍െറ പരിണതിയാണ് ചെന്നൈയിലുണ്ടായ പ്രളയമെന്നും വിശ്വസിക്കുന്നവരുമുണ്ട്. നിരോധത്തിന് കാരണക്കാര്‍ എന്ന പേരില്‍ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര ആരോപണങ്ങളും നടത്തി.  മുഖ്യമന്ത്രി ജയലളിത ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയം  അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ഉപദേശം തേടി തീരുമാനത്തിലത്തെിയത്. ജെല്ലിക്കെട്ടുള്‍പ്പെടെയുള്ള പാരമ്പര്യ സാംസ്കാരിക കായികവിനോദങ്ങള്‍ മൃഗങ്ങളോട് ക്രൂരതയില്ലാത്തവിധം നടത്താന്‍  അനുവദിക്കണമെന്ന നിലപാടാണ് സര്‍ക്കാറിനെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.  
 തമിഴ്നാട്ടിലെ ജെല്ലിക്കെട്ട്, മഹാരാഷ്ട്രയിലും കര്‍ണാടകയിലും പഞ്ചാബിലും നടന്നുവരുന്ന കാളയോട്ടം എന്നിവയെല്ലാം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാംസ്കാരിക പരിപാടികളാണെന്നും അവയെ മാനിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.