ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മാപ്പ് പറയേണ്ടതില്ല -കെജ് രിവാൾ

ന്യൂഡല്‍ഹി: അരുൺ ജെയ്റ്റ്ലിക്കെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിൽ താൻ മാപ്പ് പറയേണ്ടതില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. അഴിമതി ആരോപണത്തിൽ ജെയ്റ്റ്ലിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡി.ഡി.സി.എ അഴിമതി കേസില്‍ ഡല്‍ഹി സര്‍ക്കാര്‍ ആര്‍ക്കും ക്ലീന്‍ചീറ്റ് നല്‍കിയിട്ടില്ല. അഴിമതിക്കാരെ കണ്ടെത്താനാണ് അന്വേഷണ കമീഷനെ നിയോഗിച്ചതെന്നും കെജ് രിവാൾ വ്യക്തമാക്കി.

ആരോപണത്തിൽ കെജ് രിവാൾ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ജെയ്റ്റ്‌ലിക്കെതിരെ പരാമര്‍ശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി രംഗത്തെത്തിയത്.

അഴിമതിയെ കുറിച്ച് മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിന്‍റെ 237 പേജുള്ള റിപ്പോർട്ട് വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സങ്കി കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭരണസമിതിയെ ബി.സി.സി.ഐ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ജെയ്റ്റ്ലിക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നില്ല.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടിന് ഉത്തരവാദി 1999 മുതല്‍ 2013 വരെ അതിന്‍െറ തലവനായിരുന്ന ജെയ്റ്റ്ലിയാണെന്ന് പ്രതിപക്ഷവും ബി.ജെ.പി എം.പിയായിരുന്ന കീര്‍ത്തി ആസാദും ആരോപണമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെയ്റ്റ്ലി പ്രതിരോധത്തിലായിരുന്നു.

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.