മോദി തിരിച്ചെത്തി; നല്ല അയൽക്കാരായി മുന്നോട്ടുപോകുമെന്ന്​ പാകിസ്​താൻ

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സന്ദർശനം ശുഭസൂചനയാണെന്നും ചർച്ചകൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പാക് വിദേശകാര്യ സെക്രട്ടറി െഎസാസ് അഹ്മദ് ചൗധരി. ഇരു രാജ്യങ്ങളും നന്മയാണ് ആഗ്രഹിക്കുന്നത്. നല്ല അയൽക്കാരായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാൻ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന വഴിയാണ് പാകിസ്താൻ സന്ദർശിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്.  പാകിസ്താൻ സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി.

 

മോസ്കോയിൽ ഇന്ത്യ –റഷ്യ ഉച്ചകോടിയിൽ പെങ്കടുത്തതിന് ശേഷമാണ് മോദി അഫ്ഗാനിസ്താനിൽ എത്തിയത്. ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച അഫ്ഗാൻ പാർലമെൻറ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലേക്ക് തിരിച്ചു വരവെ, ‘ലാഹോറിൽവെച്ച് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നു' എന്ന് മോദി ട്വീറ്റ് ചെയ്തതോടെയാണ് പാകിസ്താൻ സന്ദർശനം ലോകം അറിഞ്ഞത്. രാവിലെ നവാസ് ശരീഫിനെ ഫോണിൽ വിളിച്ച്  മോദി പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.

ലാഹോർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ലാഹോറിലെ വസതിയിൽ നടന്ന ചർച്ചക്ക് ശേഷം ശരീഫിന്‍റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും മോദി പങ്കെടുത്തു.

മോദിയുടെ സന്ദർശനത്തിനെതിരെ ശിവസേന രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വരാനാണ് മോദിയുടെ ശ്രമമെന്ന് ശിവസേന ആരോപിച്ചു. ലാഹോർ യാത്രയെ സമാനതകളില്ലാത്ത നയതന്ത്രനീക്കമെന്ന് ബി. ജെ.പി വിശേഷിച്ചപ്പോൾ വെറും സാഹസികത മാത്രമാെണന്നായിരുന്നു കോൺഗ്രസ് വിമർശം.

2016ലെ  സാർക്ക് ഉച്ചകോടിയിൽ പെങ്കടുക്കാൻ മോദി പാകിസ്താൻ സന്ദർശിക്കുമെന്നാണ് ഇൗ മാസം ആദ്യം പാകിസ്താൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചത്. ഇതിനിടെയാണ് മോദിയുടെ അപ്രതീക്ഷിത സന്ദർശനം. അതേസമയം സുരക്ഷാ കാരണങ്ങളാൽ നേരത്തെ തീരുമാനിച്ചിരുന്ന സന്ദർശനം രഹസ്യമാക്കിവെച്ചതാണെന്നും റിപ്പോർട്ടുണ്ട്. പാരിസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇരു പ്രധാനമന്ത്രിമാരും ഒടുവിൽ കണ്ടുമുട്ടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.