മോദിക്ക് പാകിസ്താനിൽ വൻവരവേൽപ്പ്; ശരീഫുമായി കൂടിക്കാഴ്ച നടത്തി

ലാഹോർ: അപ്രതീക്ഷിത സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ശരീഫിന്‍റെ ലാഹോറിലെ വസതിയിൽവെച്ചാണ് ഇരുവരും ഹൃസ്വ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-പാക് ബന്ധത്തിന് പുതിയ ഉണർവ് നൽകാൻ കൂടിക്കാഴ്ച ഉപകരിച്ചെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ കുറിച്ചു.

വൈകിട്ട് ലാഹോറിലെത്തിയ മോദിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. ലാഹോർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മോദിയെ ശരീഫ് നേരിട്ടെത്തി വരവേറ്റു. തുടർന്ന് ഹെലികോപ്ടറിൽ ഇരുവരും ശരീഫിന്‍റെ ലാഹോറിലെ വസതിയിലേക്ക് പോയി. ഇവിടെ നടന്ന ചർച്ചക്ക് ശേഷം ശരീഫിന്‍റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത മോദി അവരെ അനുഗ്രഹിച്ചു. തുടർന്ന് മോദി ഡൽഹിയിലേക്ക് യാത്ര തിരിച്ചു. അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചുവരുന്ന വഴിയായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. മോദിയുടെ സന്ദർശനത്തെ തുടർന്ന് ലാഹോറിലെ വിമാനത്താവളത്തിൽ വൻസുരക്ഷയാണ് ഒരുക്കിയത്.  

മോദിക്ക് പാകിസ്താനിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ പാർട്ടിയായ പി.പി.പിയുടെ ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രതികരിച്ചു.  തുടർച്ചയായ ചർച്ചകളാണ് പ്രശ്നപരിഹാരങ്ങൾക്കുള്ള ഏക മാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഡൽഹിയിലേക്കുള്ള യാത്രാമധ്യേ, ലാഹോറിൽവെച്ച് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നു' എന്ന് മോദി കാലത്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. നവാസ് ശരീഫിന്‍റെ 66ാം ജന്മദിനത്തിലാണ് കൂടിക്കാഴ്ച എന്ന പ്രത്യേകതയുമുണ്ട്. നവാസ് ശരീഫിനെ ഇന്ന് രാവിലെ ടെലിഫോണിൽ വിളിച്ച്  മോദി പിറന്നാളാശംസകൾ അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. മുൻകൂട്ടി തീരുമാനിക്കാതെയുള്ള സന്ദർശനം പല ഊഹാപോഹങ്ങൾക്കും കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പത്ത് കൊല്ലത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി പാകിസ്താനിലെത്തുന്നത്. മുന്നറിയിപ്പില്ലാതെ ആദ്യമായി എത്തുന്ന പ്രധാനമന്ത്രിയെന്ന പ്രത്യേകത കൂടിയുണ്ട്. പാരിസിലെ കാലാവസ്ഥ ഉച്ചകോടിക്കിടെ മോദിയും ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ൽ പാകിസ്താനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ മോദി പങ്കെടുക്കുമെന്ന് ശരീഫിനെ അറിയിച്ചിരുന്നു.

അഫ്ഗാൻ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് തുറന്ന് കൊടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കവെ തീവ്രവാദത്തിനെതിരെ പേരെടുത്ത് പറയാതെ പാകിസ്താനെ പ്രധാനമന്ത്രി  കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിറകെയാണ് ചരിത്ര പ്രധാനമായ സന്ദർശനം നടത്തിയത്. ഇന്ത്യ പാക് ഉഭയകക്ഷി ബന്ധങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ലോകമാധ്യമങ്ങൾ മോദിയുടെ പാകിസ്താൻ സന്ദർശനത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.