ബോണസ് ശമ്പള പരിധി 7000 ആക്കി; നിയമ ഭേദഗതി ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി:  പൊതുമേഖലാ സ്ഥാപനങ്ങളിലെയും വ്യവസായ യൂനിറ്റുകളിലെയും തൊഴിലാളികളുടെ ബോണസ് പരിധി ഉയര്‍ത്താനുള്ള നിയമ ഭേദഗതി ലോക്സഭ പാസാക്കി. ഇതനുസരിച്ച് ബോണസ് കണക്കാക്കാനുള്ള ശമ്പള പരിധി നിലവിലെ 3500 രൂപയില്‍നിന്ന് 7000 ആക്കി ഉയര്‍ത്തി. ബോണസിന് അര്‍ഹതയുള്ളവരുടെ ശമ്പളപരിധി 10,000 രൂപയില്‍ നിന്ന് 21,000 ആയും ഉയര്‍ത്തി. ഭേദഗതി രാജ്യസഭ കൂടി പാസാക്കിയാല്‍ നടപ്പില്‍വരും. നിയമഭേദഗതിക്ക് 2014 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

ബോണസുമായി ബന്ധപ്പെട്ട രണ്ടു പരിധികള്‍ ഉയര്‍ത്തുന്നതോടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. മാത്രമല്ല, കിട്ടുന്ന തുക ഇരട്ടിയാവുകയും ചെയ്യും. 20ല്‍ കൂടുതല്‍ തൊഴിലാളികളുള്ള ഫാക്ടറി,  മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് നിയമം ബാധകമാണ്. ശബ്ദവോട്ടോടെയാണ് ലോക്സഭ ബോണസ് നിയമ ഭേദഗതി ബില്‍ 2015 പാസാക്കിയത്. ഇതിനുമുമ്പ് 2007ലാണ് ബോണസ് പരിധി പുതുക്കി നിശ്ചയിച്ചത്. ബോണസ് പരിധി ഉയര്‍ത്തണം എന്നത് സെപ്റ്റംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂനിയന്‍ ദേശീയതലത്തില്‍ നടന്ന പണിമുടക്കില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ്. തൊഴിലാളികളുടെ താല്‍പര്യം പൂര്‍ണമായും പരിഗണിച്ചുകൊണ്ടുള്ള നിയമ ഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയില്‍ പറഞ്ഞു.
 ഉയര്‍ന്ന ബോണസ്  പരിധി 20 ശതമാനത്തില്‍നിന്ന്  ലാഭത്തിന്‍െറ തോതനുസരിച്ച് ഉയര്‍ത്തണമെന്ന്  ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കവെ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു.  അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കപ്പെട്ട ജീവനക്കാരന് ഇന്നത്തെ നിയമപ്രകാരം ബോണസിന്  അര്‍ഹത നഷ്ടപ്പെടുന്നുണ്ട്. ചെയ്ത ജോലിയുടെയും അതിന് ലഭിച്ച വേതനത്തിന്‍െറയും അടിസ്ഥാനത്തിലാണ് ബോണസ് നല്‍കുന്നത്. അതല്ലാതെ പെരുമാറ്റ രീതിയുടെയോ സ്വഭാവത്തിന്‍െറയോ അടിസ്ഥാനത്തിലാകരുത്. തൊഴില്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റം വരേണ്ടതുണ്ടെന്നും ബഷീര്‍
ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.