അഴിമതി ആരോപണം: ജെയ്റ്റ്ലിക്ക് മോദിയുടെ പിന്തുണ

ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുടെ പേരില്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അരുണ്‍ ജെയ്റ്റ്ലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യ പിന്തുണ. ചൊവ്വാഴ്ച രാവിലെ നടന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ജെയ്റ്റ്ലിയെ അദ്വാനിയോട് സമീകരിക്കാനും മോദി തയാറായി.

അതേസമയം, തെളിവുകള്‍ പുറത്തുവിട്ട് ബി.ജെ.പിയെ കുരുക്കിലാക്കിയ പാര്‍ട്ടി എം.പി കീര്‍ത്തി ആസാദ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല.  ജെയ്റ്റ്ലിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതിന് പിറ്റേന്നാണ് മോദിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതോടെ സര്‍ക്കാറിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കുന്ന മൂവരും ഡല്‍ഹി ക്രിക്കറ്റ് അഴിമതിക്കേസില്‍ ഒറ്റക്കെട്ടായി.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി 1990കളില്‍ ഹവാല ആരോപണങ്ങളെ മറികടന്നതുപോലെ ഡല്‍ഹി ക്രിക്കറ്റ് അഴിമതി വിവാദത്തില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലി കൂടുതല്‍ ശോഭയോടെ പുറത്തുവരുമെന്ന് മോദി പറഞ്ഞു. ജെയ്റ്റ്ലിയുടെ സത്യസന്ധതയെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ സംശയമില്ളെന്നും മോദി പറഞ്ഞു. അഴിമതി ആരോപണമുയര്‍ന്ന് ആറു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തത്തെുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് 14 തെളിവുകള്‍ പുറത്തുവിടുകയും സി.ബി.ഐ അന്വേഷണത്തിനും മാനനഷ്ടക്കേസിനും ജെയ്റ്റ്ലിയെ വെല്ലുവിളിക്കുകയും ചെയ്ത പാര്‍ട്ടി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.

ആരോപണ വിധേയനായ ധനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ചയും രാജ്യസഭാ നടപടികള്‍ തടസ്സപ്പെടുത്തി. രാവിലെ മൂന്നുതവണ സഭ നടത്താന്‍ ശ്രമിച്ചെങ്കിലും ബഹളംവെച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. എന്നാല്‍, പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഉച്ചക്ക് രണ്ടിന് ബാലനീതി നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കെടുത്ത് പാസാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസ് ബഹളംവെച്ച ശേഷം ഇറങ്ങിപ്പോക്കും നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.