അയോധ്യ/ഇന്ദോര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ വി.എച്ച്.പി നേതൃത്വത്തില്‍ രണ്ടു ട്രക് കല്ലുകളത്തെിച്ചു. വി.എച്ച്.പിയുടെ ഉടമസ്ഥതയിലുള്ള രാംസേവക്പുരത്ത് സൂക്ഷിച്ചിട്ടുള്ള ഈ ശിലകള്‍ രാംജന്മഭൂമി ന്യാസ് പ്രസിഡന്‍റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്‍െറ നേതൃത്വത്തില്‍ പൂജ നടത്തിയതായി വി.എച്ച്.പി വക്താവ് ശരത് ശര്‍മ പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആറുമാസം മുമ്പാണ് വി.എച്ച്.പി ദേശവ്യാപകമായി ശിലാശേഖരണം പ്രഖ്യാപിച്ചത്. ക്ഷേത്രം നിര്‍മിക്കാന്‍ മോദി സര്‍ക്കാറില്‍നിന്ന് സിഗ്നല്‍ ലഭിച്ചിട്ടുണ്ടെന്നും ഇനിയും ശിലകള്‍ എത്തിക്കുമെന്നും മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ശിലകള്‍ സ്വകാര്യ സ്ഥലത്താണ് സൂക്ഷിച്ചതെന്നും ഫൈസാബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് മോഹിത് ഗുപ്ത അറിയിച്ചു. സമാധാനലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാണ്ഡെ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് മുന്‍കൈയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി ആവശ്യപ്പെട്ടു. ഇരു വിഭാഗവുമായി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ക്ഷേത്രനിര്‍മാണത്തിന് മുലായം ശ്രമിക്കണമെന്ന് ഉമാഭാരതി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉമാഭാരതിയും പ്രതിയാണ്.
പ്രശ്ന പരിഹാരത്തിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം
ബാബരി മസ്ജിദ് തകര്‍ത്ത പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് പലോക് ബസുവിന്‍െറ നേതൃത്വത്തില്‍ ഒപ്പുശേഖരണം. ഇതുമായി ബന്ധപ്പെട്ട് അയോധ്യയിലെയും ഫൈസാബാദിലെയും 7000 പേര്‍ ഒപ്പിട്ടതായി അദ്ദേഹം അറിയിച്ചു. അയോധ്യയില്‍ ക്ഷേത്രവും മസ്ജിദും നിര്‍മിക്കണമെന്നാണ് ഇദ്ദേഹത്തിന്‍െറ നിര്‍ദേശം.
എന്നാല്‍, പള്ളി ബാബറിന്‍െറ പേരില്‍ അറിയപ്പെടരുതെന്നും ഇതിന് ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പിന്തുണയുണ്ടെന്നും ജസ്റ്റിസ് പലോക് ബസു പറഞ്ഞു. ഒപ്പുശേഖരം 10,000 കവിഞ്ഞാല്‍ തങ്ങളുടെ നിര്‍ദേശങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് സംഘത്തിന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.