മുംബൈ: സംഘ്സംഘടനകളുടെ ഭീഷണിയെ തുടർന്ന് ചെറുകിട അലക്കു സോപ്പ് നിർമാണ കമ്പനികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പോത്തിെൻറ കൊഴുപ്പ് ഉപയോഗിച്ച് സോപ്പ് നിർമിക്കുന്നവരാണ് ഭീഷണി നേരിടുന്നത്. ഇവർക്കായെത്തുന്ന പോത്തിെൻറ കൊഴുപ്പ് പശുവിേൻറതാണെന്ന് ആരോപിച്ച് സംഘ്സംഘടനകൾ തടയുന്നതായാണ് ആരോപണം. ഇവരുടെ സമ്മർദത്തിനു വഴങ്ങി പൊലീസും ചരക്ക് പിടിച്ചെടുക്കുന്നു.
പിടിച്ചെടുത്ത കൊഴുപ്പ് പശുവിേൻറത് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ചരക്ക് കൈപ്പറ്റേണ്ടവർക്കാണ്. കൊഴുപ്പ് ഏതു ജീവിയുടേതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ വിദ്യ ലാബുകൾക്കില്ലാത്തതിനാൽ ചരക്ക് തിരിച്ചുപിടിക്കൽ സാധ്യമാകുന്നില്ല. ഇതോടെ, സോപ്പ് നിർമാണത്തിന് ആവശ്യമായ പോത്തിൻ കൊഴുപ്പ് കിട്ടാത്ത അവസ്ഥ രൂക്ഷമാണ്. പഞ്ചാബിലെ അലക്കു സോപ്പ് നിർമാണ കമ്പനികളെയാണ് ഇത് രൂക്ഷമായി ബാധിക്കുന്നത്. പഞ്ചാബിൽ 125 സോപ്പ് നിർമാണ കമ്പനികളാണുള്ളത്.
അനുമതിയോടെയാണ് ഇവർ പോത്തിെൻറ കൊഴുപ്പ് ഉപയോഗിച്ച് സോപ്പുകൾ നിർമിക്കുന്നത്. ഇവയിൽ 31 വർഷമായി പ്രവർത്തിക്കുന്ന ആനന്ദ് സോപ്പ് കമ്പനി പൂട്ടിയതായി പഞ്ചാബ് സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പോത്തിൻ കൊഴുപ്പുമായി വന്ന 18 ഓളം ടാങ്കറുകൾ പൊലീസ് പിടിച്ചെടുത്തതായി അസോസിയേഷൻ ആരോപിച്ചു. സ്ഥിതി തുടർന്നാൽ കൂടുതൽ സോപ്പ് കമ്പനികൾ അടച്ചുപൂട്ടേണ്ടിവരുമെന്നും അവർ പറഞ്ഞു.
കാലങ്ങളായുള്ള തങ്ങളുടെ ജീവിത മാർഗമാണ് സോപ്പ് നിർമാണമെന്നും അത് ഇല്ലാതായാൽ ജീവിതം വഴിമുട്ടുമെന്നും കമ്പനി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഒന്നര വർഷത്തിനിടെയാണ് സംഘ്സംഘടനകൾ കടുത്ത ഭീഷണിയായി തീർന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് സുരിന്ദർ ഗോയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.